അയർലണ്ടിൽ ഇന്ന് നാശം വിതയ്ക്കാൻ ഡെബി കൊടുങ്കാറ്റ്; സ്‌കൂളുകൾ അടച്ചിടും, ബസ് സർവീസുകൾ തടസ്സപ്പെടും

ഡെബി കൊടുങ്കാറ്റ് (Storm Debi) നാശം വിതയ്ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡബ്ലിന്‍ അടക്കം അയര്‍ലണ്ടിലെ 14 കൗണ്ടികളില്‍ അതീവജാഗ്രത പാലിക്കേണ്ട റെഡ് അലേര്‍ട്ട് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രാവിലെ 10 മണി വരെയെങ്കിലും സ്‌കൂളുകള്‍ തുറക്കരുതെന്നും, ജീവഹാനി വരെ സംഭവിക്കാവുന്ന തരത്തിലുള്ള കാലാവസ്ഥയാകും ഇന്ന് രാജ്യത്ത് ഉണ്ടാകുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ക്ലെയര്‍, കെറി, ലിമറിക്ക്, ടിപ്പററി, ഈസ്റ്റ് ഗോള്‍വേ, സൗത്ത് റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ 2 മണിമുതല്‍ 5 മണി വരെയാണ് റെഡ് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. ഡബ്ലിന്‍, കില്‍ഡെയര്‍, ലീഷ്, ലൂ, മീത്ത്, വിക്ക്‌ലോ, ഒഫാലി, വെസ്റ്റ് മീത്ത് എന്നിവിങ്ങളില്‍ പുലര്‍ച്ചെ 5 മണിമുതല്‍ 8 മണിവരെയുമാണ് റെഡ് അലേര്‍ട്ട്.

സ്‌കൂളുകള്‍ തുറക്കരുത്

രാജ്യത്തെ 20 കൗണ്ടികളിലെ സ്‌കൂളുകള്‍, പ്രീസ്‌കൂളുകള്‍, ക്രെഷുകള്‍ എന്നിവ കുറഞ്ഞത് രാവിലെ 10 മണി വരെയെങ്കിലും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് National Directorate for Emergency and Fire Management അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പല ക്രെഷുകളും സുരക്ഷ കണക്കിലെടുത്ത് ഇന്ന് പൂര്‍ണ്ണമായും അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്.

പൊതുഗതാഗതം

റെഡ് അലേര്‍ട്ട് കണക്കിലെടുത്ത് രാജ്യത്തെ 14 കൗണ്ടികളിലും രാവിലെ 10 മണിവരെ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് ദേശീയ സര്‍വീസായ Bus Éireann വ്യക്തമാക്കിയിട്ടുണ്ട്. 10 മണിക്ക് ശേഷം സര്‍വീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കും. സമാനമായി Dublin Bus, Go-Ahead എന്നിവയും രാവിലെ 9 മണി വരെ സര്‍വീസ് നടത്തില്ല.

രാവിലെ 10 മണി വരെ ലുവാസ് സര്‍വീസുകളും ഉണ്ടാകില്ല.

വിമാനയാത്ര

ഡെബി കൊടുങ്കാറ്റ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഡബ്ലിനില്‍ നിന്നും ലണ്ടനിലേയ്ക്കുള്ള രണ്ട് സര്‍വീസുകളടക്കം ആറ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: