ആഷ്‌ലിങ് മർഫി വധക്കേസ്: പ്രതി ജോസഫ് പുസ്‌കയ്ക്ക് ജീവപര്യന്തം

അദ്ധ്യാപികയായിരുന്ന ആഷ്‌ലിങ് മര്‍ഫിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോസഫ് പുസ്‌കയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൗണ്ടി ഒഫാലിയിലെ Tullamore-ലുള്ള Cappincur-ല്‍ വച്ച് 2022 ജനുവരി 12-നാണ് ജോഗിങ്ങിനിടെ 23-കാരിയായ മര്‍ഫി കൊല്ലപ്പെട്ടത്.

അതേസമയം പ്രതി താനല്ലെന്നും, മുഖംമൂടി ധരിച്ച ഒരാളാണ് മര്‍ഫിയെ കൊന്നതെന്നുമായിരുന്നു പുസ്‌കയുടെ (33) വാദം. മുഖംമൂടിധാരി തന്നെയും ആക്രമിച്ചെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മര്‍ഫിയുടെ ശരീരം പരിശോധിച്ചപ്പോള്‍ നഖങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച പുസ്‌കയുടെ ഡിഎന്‍എ, കേസില്‍ നിര്‍ണ്ണായക തെളിവായി. ഇയാള്‍ മര്‍ഫിയെ ആക്രമിക്കുന്നതിനിടെ രക്ഷയ്ക്കായി മര്‍ഫി ഇയാളുടെ മുഖത്ത് മാന്തുകയായിരുന്നു. അറസ്റ്റ് ചെയപ്പെടുമ്പോള്‍ പുസ്‌കയുടെ മുഖത്ത് മാന്തേറ്റ പാടുകളുമുണ്ടായിരുന്നു. മുഖംമൂടി ധാരിയാണ് തന്നെ മാന്തിയതെന്ന പുസ്‌കയുടെ വാദം വിചാരണയില്‍ കള്ളമാണെന്ന് വ്യക്തമായി.

ഇതിന് പുറമെ സംഭവദിവസം പുസ്‌ക പ്രദേശത്ത് കറങ്ങിനടക്കുന്നത് സിസിടിവിയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു.

പുസ്‌കയ്ക്ക് ജീവിതകാലം മുഴുവന്‍ തടവ് വിധിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ തനിക്ക് അതിന് അധികാരമില്ലാത്തതിനാലാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നതെന്നും വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് ടോണി ഹണ്ട് പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് പ്രതിയെ പുറത്തിറക്കാന്‍ തീരുമാനിച്ചാല്‍, മര്‍ഫിയെ ഇയാള്‍ കൊലപ്പെടുത്തിയത് എന്തിനാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ലെന്ന കാര്യം ആ ഉദ്യോഗസ്ഥന്‍ പരിഗണിക്കണമെന്നും ജസ്റ്റിസ് ഹണ്ട് കൂട്ടിച്ചേര്‍ത്തു.

പുസ്‌കയ്ക്ക് മര്‍ഫിയെ നേരത്തെ പരിചയമില്ല. കൊലപാതകം ചെയ്യാന്‍ പ്രത്യേകിച്ച് കാരണം ഉണ്ടയതായും വിചാരണയില്‍ കണ്ടെത്തിയിട്ടില്ല.

Share this news

Leave a Reply

%d bloggers like this: