കാലാവധി കഴിഞ്ഞ IRP കാർഡുമായി ക്രിസ്മസിന് നാട്ടിൽ പോകാം; ഉത്തരവിറക്കി ഐറിഷ് സർക്കാർ

ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന, Irish Residence Permit (IRP) കാലാവധി തീര്‍ന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി അയര്‍ലണ്ടിലെ നീതിന്യായവകുപ്പ്. IRP കാലഹരണപ്പെട്ടതിനാല്‍ ആശങ്കയില്‍ കഴിയുന്നവര്‍ക്ക് പരിഹാരമായി പുതിയ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍.

ഡിസംബര്‍ 6 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലളവില്‍, കാലാവധി തീര്‍ന്ന IRP കാര്‍ഡുമായി വിദേശ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് യാത്ര ചെയ്യാമെന്നും, തിരികെ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ ഈ കാര്‍ഡ് തന്നെ കാണിച്ചാല്‍ മതിയെന്നും പുതിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. Travel Confirmation Notice ഉപയോഗിച്ച് ഇത്തരക്കാര്‍ക്ക് യാത്ര നടത്താവുന്നതാണ്.

ഡിസംബര്‍ 6-ന് മുമ്പ് പരമാവധി എട്ട് ആഴ്ചയ്ക്കുള്ളില്‍ IRP കാലാവധി തീരുകയും, പുതിയ കാര്‍ഡിനായി അപേക്ഷിക്കുകയും ചെയ്തവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. കാര്‍ഡ് പുതുക്കാനായി കാലതാമസം നേരിടുന്നത് മനസിലാക്കിയാണ് സര്‍ക്കാര്‍ തീരുമാനം.

ഇളവ് ലഭിക്കാത്തത് ആര്‍ക്കൊക്കെ?

മേല്‍ പറഞ്ഞ കാലയളവിന് മുമ്പ് IRP കാലാവധി തീരുകയും, പുതുക്കിയ കാര്‍ഡ് ലഭിക്കുകയും ചെയ്യാത്തവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല.

സിംഗിള്‍ എന്‍ട്രി വിസ പ്രകാരം, ലാന്‍ഡിങ്ങിന് മുമ്പ് സ്റ്റാപ് ചെയ്ത് അയര്‍ലണ്ടിലെത്തിയവര്‍ തിരികെ നാട്ടിലേയ്ക്ക് പോകുകയാണെങ്കില്‍, തിരികെ വരാന്‍ വീണ്ടും വിസ എടുക്കണം.

കാലാവധി തീര്‍ന്ന IRP കാര്‍ഡുമായി യാത്ര ചെയ്യുന്നതിന് ചെയ്യുന്നത് എങ്ങനെ?

മേല്‍ പറഞ്ഞ രീതിയില്‍ കാര്‍ഡിന്റെ കാലാവധി തീര്‍ന്നവര്‍ ഈ ലിങ്ക് വഴി – https://www.irishimmigration.ie/wp-content/uploads/2023/12/Travel-Confirmation-Notice-2023-Expired-IRP-Cards.pdf ട്രാവല്‍ നോട്ടീസ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഒപ്പം കാലാവധി തീര്‍ന്ന IRP കാര്‍ഡ്, അത് പുതുക്കാന്‍ അപേക്ഷ നല്‍കിയതിന്റെ റസീറ്റ് എന്നിവയും കൈയില്‍ കരുതണം.

വിമാനക്കമ്പനികള്‍, ഇമിഗ്രേഷന്‍ അധികൃതര്‍ എന്നിവര്‍ ഈ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്ന പക്ഷം അങ്ങനെ ചെയ്യണം.

യാത്രയ്ക്കിടെ മൂന്നാമത് ഒരു രാജ്യത്ത് കൂടെ വേണം തിരികെ വരാനെങ്കില്‍, ആ രാജ്യത്തിന്റെ കുടിയേറ്റ നിയമങ്ങള്‍ അനുസരിക്കേണ്ടി വന്നേക്കാം.

യാത്രയ്ക്ക് മുന്നോടിയായി നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന വിമാനക്കമ്പനിയുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irishimmigration.ie/wp-content/uploads/2023/12/ISD-Website-Travel-Notice-FAQs-2023-1.pdf

Share this news

Leave a Reply

%d bloggers like this: