ഐറിഷ് നടൻ കിലിയൻ മർഫിക്ക് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

‘ഓപ്പണ്‍ഹൈമറി’ലെ പ്രകടനത്തിന് ഐറിഷ് നടനായ കിലിയന്‍ മര്‍ഫിക്ക് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത് 2023-ല്‍ പുറത്തെത്തിയ ചിത്രം വിവിധ ഇനങ്ങളിലായി വേറെയും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

ആറ്റം ബോംബിന്റെ സ്രഷ്ടാവായ ജെ. ഓപ്പണ്‍ഹൈമര്‍ എന്ന യുഎസ് ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ് പ്രശസ്ത സംവിധായകനായ നോളന്‍, ‘ഓപ്പണ്‍ഹൈമര്‍’ എന്ന പേരില്‍ തിരശ്ശീലയിലെത്തിച്ചത്.

മികച്ച നടന് പുറമെ മികച്ച സംവിധായകന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച പശ്ചാത്തലസംഗീതം, മികച്ച ചിത്രം എന്നീ മുന്‍നിര അവാര്‍ഡുകളും കഴിഞ്ഞ ദിവസം നടന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാനച്ചടങ്ങില്‍ ‘ഓപ്പണ്‍ഹൈമര്‍’ സ്വന്തമാക്കി.

ഈ ചലച്ചിത്രം വളരെ വ്യത്യസ്തമായിരിക്കുമെന്ന് ഷൂട്ടിങ് സെറ്റില്‍ ആദ്യമായി എത്തിയപ്പോള്‍ തന്നെ തനിക്ക് തോന്നിയിരുന്നതായി അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മര്‍ഫി പറഞ്ഞു. താന്‍ ഒരു ‘മാസ്റ്ററുടെ’ അടുത്താണ് എത്തിച്ചേര്‍ന്നിരുന്നതെന്ന് പറഞ്ഞ അദ്ദേഹം, സംവിധായകന്‍ നോളന്‍, പ്രൊഡ്യൂസര്‍ എമ്മാ തോമസ്, ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ എന്നിവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

ആഗോളതലത്തില്‍ 871 മില്യണ്‍ ഡോളര്‍ കലക്ഷന്‍ ലഭിച്ച ചിത്രം വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

അതേസമയം ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ സിനിമാറ്റിക് ആന്‍ഡ് ബോക്‌സ് ഓഫിസ് അച്ചീവ്‌മെന്റ് അവാര്‍ഡിന് ‘ബാര്‍ബി’ അര്‍ഹമായി.

‘ദി ഹോള്‍ഡോവേഴ്‌സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫിനെ മികച്ച നടിയായും തെരഞ്ഞെടുത്തു.

1944 മുതല്‍ നല്‍കിവരുന്ന ഗോള്‍ഡന്‍ ഗ്ലോബിന്റെ 81-ആമത് ചടങ്ങാണ് ഇന്നലെ നടന്നത്. അമേരിക്കയില്‍ നല്‍കപ്പെടുന്ന അവാര്‍ഡ്, അമേരിക്കന്‍ ചിത്രങ്ങള്‍ക്ക് പുറമെ വിദേശസിനിമകളെയും പരിഗണിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: