ഇന്ന് ഏപ്രിൽ ഫൂൾ! വിഡ്ഢി ദിനത്തിന് പിന്നിലെ ‘സത്യം’ എന്തെന്നെറിയാമോ?

ഏപ്രില്‍ 1 ലോകമെങ്ങും വിഡ്ഢിദിനം അഥവാ ഏപ്രില്‍ ഫൂള്‍ ആയി ആഘോഷിക്കുകയാണ്. പരസ്പരം പറ്റിക്കുക, വിഡ്ഢികളാക്കുക, കുസൃതി കാണിക്കുക തുടങ്ങിയവയ്ക്ക് ‘ലൈസന്‍സ്’ കിട്ടുന്ന ഈ ദിനത്തിന് പിന്നിലെ ‘സത്യം’ എന്തെന്ന് അറിയാമോ?

ഏപ്രില്‍ ഫൂള്‍ ദിനാരംഭവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് 16-ആം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നിന്നുമുള്ളതാണ്. 1582-ല്‍ അതുവരെ പിന്തുടര്‍ന്നു വന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ ഉപേക്ഷിച്ച് ഫ്രഞ്ചുകാര്‍ ജോര്‍ജ്ജിയന്‍ കലണ്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ജൂലിയന്‍ കലണ്ടര്‍ പ്രകാരം വസന്തകാലത്ത്, അതായത് മാര്‍ച്ച് അവസാനവും, ഏപ്രില്‍ ആദ്യവും ആയാണ് പുതുവര്‍ഷം ആരംഭിച്ചിരുന്നത്. പക്ഷേ ജോര്‍ജ്ജിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ജനുവരിയിലാണ്.

എന്നാല്‍ ഈ മാറ്റം ജനങ്ങളിലേയ്‌ക്കെത്താന്‍ കാലതാമസമെടുക്കുകയും, പലരും മാര്‍ച്ച് അവസാനവും, ഏപ്രില്‍ ആദ്യവുമായി തന്നെ പുതുവര്‍ഷം ആഘോഷിക്കുന്നത് തുടരുകയും ചെയ്തു. കലണ്ടര്‍ മാറിയിട്ടും പഴയ ദിനം തന്നെ പുതുവര്‍ഷാഘോഷം നടത്തിയവരെ കളിയാക്കിക്കൊണ്ടാണ് ഏപ്രില്‍ 1 വിഡ്ഢിദിനം ആയി കാണാന്‍ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്.

ഫ്‌ളെമ്മിഷ് കവിയായ എഡ്വാര്‍ഡ് ഡി ഡീന്‍ 1561-ല്‍ എഴുതിയ ഒരു കവിതയില്‍, കുലീനനായ ഒരാള്‍ തന്റെ ഭൃത്യനെ വിഡ്ഢിത്തം നിറഞ്ഞ ഒരു ദൗത്യവുമായി ഏപ്രില്‍ 1-ന് പറഞ്ഞയയ്ക്കുന്നതിനെ പറ്റി എഴുതിയിട്ടുണ്ട്. ഇതാണ് ഈ ദിനത്തിന്റെ ഉദയവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കഥ.

പ്രാചീന റോമന്‍ ആഘോഷമായ ഹിലാരിയയില്‍, ആളുകള്‍ വേഷം മാറി മറ്റുള്ളവരെ പറ്റിക്കുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. മാര്‍ച്ച് അവസാനമായിരുന്നു ഈ ആഘോഷം നടന്നിരുന്നത്. ഇതും ഏപ്രില്‍ ഫൂളിലേയ്ക്ക് നയിച്ചു എന്ന് കരുതാം.

Share this news

Leave a Reply

%d bloggers like this: