കോവിഡ്‌‐19: ചാമ്പ്യൻസ്‌ ലീഗും യൂറോപയും മാറ്റി

കോവിഡ്‌ -19 ഭീതിയിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി.  യുവേഫയുടെ ഒരാഴ്‌ചയിലെ എല്ലാ മത്സരങ്ങളുമാണ്‌ നിർത്തിവച്ചത്‌. ചാമ്പ്യൻസ്‌ ലീഗിനുപുറമെ യൂറോപ ലീഗ്‌, യുവേഫ യൂത്ത്‌ ലീഗ്‌ കളികളും മാറ്റിയതിൽ ഉൾപ്പെടും. യൂറോപ്യൻ ഫുട്‌ബോളിന്റെ ഭാവി അടുത്തയാഴ്‌ച ചേരുന്ന യുവേഫ ഭരണസമിതിയിൽ തീരുമാനിക്കും. യൂറോ കപ്പിന്റെ കാര്യത്തിലും ഈ യോഗം നടപടിയാക്കും.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗും ഫ്രഞ്ച്‌ ലീഗും ജർമൻ ലീഗും മാറ്റിയിട്ടുണ്ട്‌. ചാമ്പ്യൻസ്‌ ലീഗിൽ നാലു പ്രീ ക്വാർട്ടർ മത്സരങ്ങളാണ്‌ മാറ്റിവച്ചത്‌. 17നും 18നുമുള്ള കളികളാണ്‌ നീട്ടിയത്‌. ഇതോടെ 20ന്‌ നടക്കേണ്ട ക്വാർട്ടർ നറുക്കെടുപ്പും റദ്ദാക്കി. യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെല്ലാം വൈറസ്‌ വ്യാപിച്ചതാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ മാറ്റാൻ നിർബന്ധിക്കപ്പെട്ടത്‌. മിക്ക കളികളും അടച്ചിട്ട സ്‌റ്റേഡിയത്തിലായി. റയൽ മാഡ്രിഡ്‌ കളിക്കാർ രോഗനിരീക്ഷണത്തിലായതോടെ യുവേഫ കൂടുതൽ പ്രതിസന്ധിയിലായി. ഒടുവി കളിക്കാർക്കും രോഗം ബാധിച്ചതോടെ ലീഗ്‌ മാറ്റിവച്ചു. യൂറോപ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേതടക്കമുള്ള കളികളാണ്‌ നിർത്തിയത്‌. 

ഏപ്രിൽ മൂന്നുവരെയാണ്‌ പ്രീമിയർ ലീഗ്‌ മാറ്റിവച്ചത്‌. ഇംഗ്ലണ്ടിൽ കായികമത്സരങ്ങളെല്ലാം താൽക്കാലികമായി റദ്ദ്‌ ചെയ്യാനുള്ള നീക്കത്തിലാണ്‌ സർക്കാർ. ഫ്രഞ്ച്‌ ലീഗാകട്ടെ ഒരറിയിപ്പുണ്ടാകുംവരെ നിർത്തി.

Share this news

Leave a Reply

%d bloggers like this: