കോവിഡ്‌-19: മരണം 16000 കടന്നു; ഇറ്റലിയില്‍ മാത്രം 6078 മരണം

കോവിഡ്‌ ബാധിച്ച്‌ ലോകത്താകെ ഇന്നലെവരെ മരിച്ചവരുടെ എണ്ണം 16499. 180ൽപരം രാജ്യങ്ങളിൽ 3.75 ലക്ഷത്തോളമാളുകൾക്ക്‌ ബാധിച്ച രോഗം യൂറോപ്യൻ രാജ്യങ്ങളിലാണ്‌ ഇപ്പോൾ ഏറ്റവും സംഹാരശക്തിയോടെ വിഹരിക്കുന്നത്‌. അതേസമയം മൂന്നുമാസം മുമ്പ്‌ കോവിഡ്‌ ആദ്യം കണ്ടെത്തിയ ചൈന രോഗത്തെ നിയന്ത്രിച്ചതായി അറിയിച്ചു. തിങ്കളാഴ്‌ചയും ചൈനയിൽ ആർക്കും നാട്ടിൽനിന്ന്‌ രോഗം ബാധിച്ചതായി കണ്ടെത്തിയില്ല.
ലോകത്താകെ ലക്ഷത്തിലധികമാളുകൾ രോഗമുക്തരായിട്ടുണ്ട്‌.
ലോകത്തെ ആകെ മരണസംഖ്യയിൽ 60 ശതമാനത്തിലധികം യൂറോപ്പിലാണ്‌.

602 പേർ കൂടി മരിച്ചതോടെ ഇറ്റലിയിൽ മരണസംഖ്യ 6078 ആയി. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനിടെ രണ്ടായിരത്തിലധികംപേർ അവിടെ മരിച്ചു. സ്‌പെയിനിൽ 462 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 2311 ആയി. ഫ്രാൻസിൽ മരണസംഖ്യ 750 കടന്നു. ബ്രിട്ടനിൽ 54 പേർ കൂടി മരിച്ചതോടെ 335 ആയി. നെതർലൻഡ്‌സിൽ 34 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 213 ആയി. ജർമനിയിലും സ്വിറ്റ്‌സർലൻഡിലും 118 വീതം ആയി.

ചൈനയിൽ ഒമ്പതുപേർകൂടി മരിച്ചതോടെ മരണസംഖ്യ 3270 ആയി. 39 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും എല്ലാവരും രോഗവുമായി വിദേശത്തുനിന്ന്‌ വന്നവർ. മൊത്തം രോഗമുക്തരിൽ 81093 പേരും ചൈനയിലാണ്‌. ഗൾഫിൽ ഏറ്റവുമധികം ആളുകൾ മരിച്ചത്‌ ഇറാനിലാണ്‌. 127 പേർകൂടി മരിച്ചതോടെ അവിടെ മരണസംഖ്യ 1812 ആയി. 23049 പേർക്കാണ്‌ രോഗം ബാധിച്ചത്‌. അമേരിക്കയിൽ മരണസംഖ്യ 500 കടന്നു. അവിടെ 40000ലധികം ആളുകൾക്ക്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചു.

Share this news

Leave a Reply

%d bloggers like this: