കൊറോണ വൈറസ്: അയർലൻഡിൽ 219 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു, 2 പേർകൂടി മരിച്ചു

അയർലണ്ടിൽ 219 പേർക്കുകൂടി COVID-19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,125 ആയി ഉയർന്നു.
വടക്കൻ അയർലണ്ടിൽ 20 കൊറോണ കേസുകളാണ് പുതുതായി റിപ്പോർട്ട്‌ ചെയ്തത്. ആകെ 148 കേസുകളാണ് ഈ പ്രദേശത്ത്‌ സ്‌ഥിരീകരിച്ചത്. ഇതോടെ അയർലൻഡ് ദ്വീപിലെ മൊത്തം കൊറോണ രോഗബാധിതരുടെ എണ്ണം 1,273 ആയി.

അയർലണ്ടിൽ ഇതുവരെ ആറ് പേർ കൊറോണ വൈറസ്‌ ബാധിച്ച് മരണമടഞ്ഞു. വടക്കൻ അയർലണ്ടിൽ ഇന്നലെ രണ്ട് പേർ കൂടി മരിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അവലോകനം ചെയ്യുന്നുണ്ടെന്നും, പകർച്ചവ്യാധിയെ അതിജീവിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.

ദേശീയ പൊതുജനാരോഗ്യ സംഘം ഇന്ന് അടിയന്തിരയോഗം ചേരും.
രോഗലക്ഷണങ്ങളുള്ളവർ സ്വയം ഒറ്റപ്പെടണമെന്നും ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ പറഞ്ഞു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി 93% പേർ ഇടയ്ക്കിടെ കൈകഴുകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്തെ കൊറോണവൈറസ്‌ കേസുകളിൽ 55% പുരുഷന്മാരും 44% സ്ത്രീകളുമാണ്.
ഡബ്ലിനിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ (471) റിപ്പോർട്ട്‌ ചെയ്‌തത്‌. കോർക്കിൽ 104 കേസുകളും റിപ്പോർട്ട്‌ ചെയ്തു.

Share this news

Leave a Reply

%d bloggers like this: