ഹൗസിങ് ഡെവലപ്പര്‍മാരായ Cluid-ന്റെ കില്‍ഡെയറിലെ പുതിയ ഹൗസിങ് എസ്റ്റേറ്റില്‍ 56 വീടുകള്‍ cost-rental സ്‌കീം വഴി നല്‍കപ്പെടുന്നു. കില്‍ഡെയര്‍ കൗണ്ടിയിലെ Leixlip-ലുള്ള Barnhall Meadows development-ലാണ് 2-ബെഡ്‌റൂം, 3-ബെഡ്‌റൂം വീടുകള്‍ ഈ സ്‌കീം വഴി ലഭ്യമായിട്ടുള്ളത്. മാസം 900 യൂറോ, 1250 യൂറോ എന്നിങ്ങനെയുള്ള കുറഞ്ഞ വാടകയ്ക്ക് വീടുകള്‍ ദീര്‍ഘകാലത്തേയ്ക്ക് ലഭ്യമാകുമെന്ന് Cluid അറിയിച്ചു. നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 45% വരെ കുറവാണിതെന്നും കമ്പനി പറയുന്നു.
Cost-rental സ്‌കീം പ്രകാരം ഈ വീടുകള്‍ വാടകയ്ക്ക് ലഭിക്കാന്‍ ആദ്യം അപേക്ഷ നല്‍കണം. കമ്പനി വെബ്‌സൈറ്റ് വഴി ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ആര്‍ക്കെല്ലാം വീടുകള്‍ നല്‍കണമെന്ന് തീരുമാനിക്കുക. ഈ വര്‍ഷം അവസാനത്തോടെ താമസത്തിന് തയ്യാറാക്കുന്ന വിധമാണ് വീടുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
2021 ഒക്ടോബര്‍ 26 ചൊവ്വാഴ്ച വൈകിട്ട് 5 മണിവരെ അപേക്ഷ നല്‍കാം. അതേസമയം cost-rental സ്‌കീം പ്രകാരം അപേക്ഷ നല്‍കുന്നവര്‍ ഏതാനും യോഗ്യത തെളിയിക്കേണ്ടതുണ്ട്. അവ ചുവടെ:
- വീട്ടുകാരുടെ വാര്‍ഷിക വരുമാനം വര്‍ഷത്തില്‍ 53,000 യൂറോ കവിയരുത്.
- സോഷ്യല്‍ ഹൗസിങ് സഹായങ്ങള്‍ ലഭിക്കുന്നവരാകരുത് (Rent Supplement or HAP അടക്കം).
- സ്വന്തമായി വീട് ഉണ്ടാകരുത്.
- ലഭ്യമായ വീടുകളില്‍ താമസിക്കാന്‍ പറ്റാവുന്നത്ര ആളുകളേ കുടുംബത്തില്‍ ഉണ്ടാകാവൂ.
- വാടക കൃത്യമായി നല്‍കാന്‍ കഴിവുണ്ടായിരിക്കണം.
- ഒരു വീട്ടുകാര്‍ക്ക് ഒരു അപേക്ഷ മാത്രമേ നല്‍കാന്‍ സാധിക്കൂ.
സര്‍ക്കാരിന്റെ പിന്തുണയോടെയാണ് Cluid പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘകാലത്തേയ്ക്ക് കുറഞ്ഞ വാടകയ്ക്ക് വീടുകള്‍ ലഭിക്കുമെന്നതാണ് cost-rental പദ്ധതിയുടെ പ്രത്യേകത.
അപേക്ഷ നല്‍കാനായി:https://www.cluid.ie/cost-rental/