അയർലൻഡിലെ സ്‌കൂളുകളിലെ കോവിഡ് ബാധ; വിദ്യാഭ്യാസവകുപ്പുമായുള്ള അദ്ധ്യാപക സംഘടനയുടെ ചർച്ച ഇന്ന്

അയര്‍ലന്‍ഡിലെ സ്‌കൂളുകളില്‍ 5 മുതല്‍ 12 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുന്നത് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസവകുപ്പുമായി വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് അദ്ധ്യാപക സംഘടനയായ INTO. വെക്‌സ്‌ഫോര്‍ഡിലെ CBS പ്രൈമറി സ്‌കൂളില്‍ 30-ലേറെ കുട്ടികള്‍ക്ക് രോഗം ബാധിച്ചത് അടക്കമുള്ള സംഭവങ്ങള്‍ നിലവിലെ HSE-യുടെ നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമാണെന്ന് വിമര്‍ശനമുയരാന്‍ കാരണമായിരുന്നു.

സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് രോഗം ബാധിച്ചാലും കുട്ടിയുമായി സമ്പര്‍ക്കത്തിലായ മറ്റുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ ക്വാറന്റൈന്‍ വേണ്ടെന്നും, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കേണ്ടെന്നും പോലുള്ള നിര്‍ദ്ദേശങ്ങള്‍ രോഗം പടരാന്‍ ഇടയാക്കുന്നുവെന്നാണ് വിമര്‍ശനം. വെക്‌സ്‌ഫോര്‍ഡിലെ സ്‌കൂള്‍ രോഗം കാരണം അടച്ചിട്ട ശേഷം ഇന്നലെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. പക്ഷേ സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം HSE നിര്‍ദ്ദേശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ധ്യാപക സംഘടനയുടെ ഇടപെടല്‍.

വിദ്യാഭ്യാസവകപ്പുമായി ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ Irish National Teachers Organisation (INTO) പ്രതിനിധികള്‍ പങ്കെടുക്കും. നിലവിലെ സ്‌കൂളുകളിലെ സാഹചര്യങ്ങള്‍, 5-12 പ്രായക്കാരായ വിദ്യാര്‍ത്ഥികളിലെ രോഗബാധ, ക്രിസ്മസ് കാലത്ത് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകും.

അതേസമയം സ്‌കൂളുകളില്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കേണ്ടതില്ലെന്നും, കോവിഡ് ടെസ്റ്റ് നടത്തേണ്ടെന്നും National Public Health Emergency Team (Nphet) കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. സ്‌കൂളുകളും നഴ്‌സറികളും തുറന്ന് ആദ്യ ആഴ്ചയില്‍ തന്നെ 30,000-ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സമ്പര്‍ക്കമുണ്ടായതായും, ഇവരില്‍ വളരെ ചെറിയൊരു വിഭാഗം പേര്‍ക്ക് മാത്രമേ രോഗബാധയുണ്ടായിട്ടുള്ളൂ എന്നും തെളിവായി Nphet-ന്റെ Epidemiological Modelling Advisory Group ചെയര്‍മാനായ പ്രൊഫസര്‍ ഫിലിപ് നോലാന്‍ പറയുന്നു. സമ്പര്‍ക്കമുണ്ടായവരില്‍ 3% മുതല്‍ 5% വരെ പേര്‍ മാത്രമാണ് കോവിഡ് പോസിറ്റീവായതെന്നാണ് നോലാന്‍ പറയുന്നത്.

കുട്ടികള്‍ പുറത്ത് പോയി ഇടപെടുന്നതാണ് രോഗബാധ വര്‍ദ്ധിക്കാന്‍ കാരണമെന്ന് Nphet കരുതുന്നതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാനും പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: