ഡണ്‍സ്‌ സ്‌റ്റോര്‍സ് ജോലിക്കാരുടെ മാര്‍ച്ച് ഇന്ന്

ഡബ്ലിന്‍: ജോര്‍ജ് സ്ട്രീറ്റിലെ ഡണ്‍സ് സ്‌റ്റോര്‍സിന്റെ മുഖ്യ കാര്യാലയത്തിലേക്കു നടത്തുന്ന മാര്‍ച്ച് ഇന്നുച്ചയ്ക്ക് ഒന്നിന് മെറിയോണ്‍ സ്‌ക്വയറില്‍ നിന്നും ആരംഭിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികള്‍ക്കും മാന്യമായ ജോലിയും ന്യായമായ കൂലിയും ലഭിക്കുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥയില്‍ നിന്നുമുള്ള മോചനത്തിനായാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. അതിനാല്‍ തന്നെ പൊതുജനങ്ങളുടെ പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ വെളിപ്പെടുത്തി. ഏപ്രിലിലും ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല എന്നതിനാലാണ് വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നത്.

ശരിയായ ജോലിസമയം, ജോലിയുടെ സുരക്ഷിതത്വം, ന്യായമായ വേതനം, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിക്കുവാനുള്ള അവകാശം എന്നിവയ്ക്കായാണ് ഇന്നത്തെ മാര്‍ച്ച് നടത്തുന്നത്. ഇത്തരം കാര്യങ്ങളിലാണ് ഡണ്‍സ് സ്‌റ്റോര്‍സ് ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ നിരന്തരമായ തര്‍ക്കങ്ങള്‍ നടന്നത്. നിരന്തരമായ ആവശ്യങ്ങളും പ്രതിഷേധങ്ങളും കമ്പനിയെ തന്നെ ബാധിക്കുന്ന തരത്തിലെത്തിയപ്പോഴാണ് കഴിഞ്ഞ മാസം മൂന്ന് ശതമാനം വേതന വര്‍ദ്ധനവ് കൊണ്ടു വരുവാന്‍ കമ്പനി നിര്‍ബന്ധിതരായത്.

ഫിയന്ന ഫെയ്ല്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി നടത്തുന്ന പ്രതിഷേധ റാലിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതെയുള്ള സര്‍ക്കാരിന്റെ നയത്തിനെതിരെയും ഫിയന്ന ഫെയ്ല്‍ വക്താവ് വിമര്‍ശനം ഉന്നയിച്ചു.

ഐറിഷുകാര്‍ക്ക് ജോലി സ്ഥലത്തു പൂര്‍ണ്ണ സുരക്ഷിതത്വം ലഭിക്കുന്നതിനായും ന്യായമായ അന്തരീക്ഷവും കൂലിയും ലഭിക്കുന്നതിനായും ഇന്നു നടക്കുന്ന പ്രതിഷേധ റാലിയില്‍ രാജ്യത്തെ യുവാക്കളടക്കം പങ്കു ചേരണമെന്ന് ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്റെ യൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

എഎസ്

Share this news

Leave a Reply

%d bloggers like this: