ലളിത് മോദി വിഷയം: പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

 

ന്യൂഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം രണ്ടാം ദിനവും സ്തംഭിപ്പിച്ചു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണയും ലോക്‌സഭ രണ്ടു തവണയും നിര്‍ത്തിവച്ചു. ഉച്ചയ്ക്കു ശേഷം സഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതിനാല്‍ ഇരു സഭകളും പിരിയുകയായിരുന്നു.

രാവിലെ ഇരു സഭകളും ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം രാജി ആവശ്യമുന്നയിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ ലോക്‌സഭയിലെത്തിയത് കറുത്ത റിബണ്‍ ധരിച്ചാണ്. ലളിത് മോദി വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന ഖാര്‍ഗെ, വീരപ്പ മൊയ്‌ലി എന്നിവര്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കിയിരുന്നു.

വ്യാപം ഒരു സംസ്ഥാനത്തെ അഴിമതില്ലെന്നും ദേശീയ അഴിമതിയാണെന്നും ബിഎസ്പി നേതാവ് മായാവതി രാജ്യസഭയില്‍ പറഞ്ഞു. ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജിനെതിരേയും വസുന്ധര രാജയ്‌ക്കെതിരേയും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ അടിസ്ഥാനമില്ലെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണന്നും അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

ഇന്ന് രാവിലെ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശക്തമായി പ്രതിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രതിപക്ഷത്തിനെ അതേനാണയത്തില്‍ തിരിച്ചടിക്കുകയാണ് വേണ്ടെതന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ യോഗത്തില്‍ പറഞ്ഞു. അതിനായി സോളാര്‍ തട്ടിപ്പു പോലുള്ള കേസുകള്‍ ഇരു സഭകളിലും ഉന്നയിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ലളിത് മോദി വിവാദത്തില്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ സമരം രാവിലെ ഉപേക്ഷിച്ചിരുന്നു. വിഷയത്തില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണംകൂടി ലഭിച്ചശേഷം സമരം നടത്തിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി നേതൃത്വത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: