സ്വകാര്യത പൗരന്റെ മൗലീകാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലീകാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വകാര്യത പൗരന്റെ മൗലീകാവകാശമായി ഭരണഘടന അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരേ നല്‍കിയ ഹര്‍ജിയിന്മേലുള്ള വാദത്തിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരന്മാരുടെ സ്വകാര്യതയ്‌ക്കെതിരേ വാദമുയര്‍ത്തിയത്.

രാജ്യത്തെ ഒരു പൗരനും സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനോ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമായോ കണക്കാക്കാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചു. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും അതിനായി നിര്‍ബന്ധിക്കുന്നതും പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു വിലയിരുത്തിയാണ് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേയുള്ള വാദത്തിലാണ് പൗരന്മാരുടെ സ്വകാര്യത ഭരണഘടനാ പരമല്ലെന്നു കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ഉന്നയിച്ചത്.

1950ല്‍ എട്ടംഗങ്ങളുള്ള ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജസ്റ്റീസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിനെ എജി അറിയിച്ചു. സ്വകാര്യത എന്നത് അവ്യക്തമായ ഒന്നു മാത്രമാണെന്നും അതിനാല്‍ ഇതിന്റെ നിയമ സാധുത പരിശോധിക്കാന്‍ ഉയര്‍ന്ന ബെഞ്ചിനു കൈമാറണമെന്നും എജി ആവശ്യപ്പെട്ടു. കേസിലുള്ള വാദം തുടരും.

-എജെ-

Share this news

Leave a Reply

%d bloggers like this: