മോശം കാലാവസ്ഥ:ക്രോഗ് പാട്രിക് തീര്‍ത്ഥാടനം റദ്ദ് ചെയ്തിട്ടും മുന്നറിയിപ്പുകളെ അവഗണിച്ച് മല ചവിട്ടുന്ന വിശ്വാസികള്‍

ഡബ്ലിന്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് ക്രോഗ് പാട്രിക് തീര്‍ത്ഥാടനം റദ്ദ് ചെയ്‌തെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മല കയറരുത് എന്ന ഗാര്‍ഡയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് കുട്ടികളുള്‍പ്പെടെയുള്ള നൂറുകണക്കിന് വിശ്വാസികള്‍ മല കയറി. ക്രോഗ് പാട്രിക് മലയില്‍ അതിശക്തമായ കാറ്റും മഴയുമുണ്ടായതിനാല്‍ തീര്‍ത്ഥാടനം റദ്ദ് ചെയ്യുന്നുവെന്ന് അധികൃതര്‍ അറിയിച്ചുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മെറ്റ് എയ്‌റീന്‍ രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയും ചെയ്തു. എന്നാല്‍ ഗാര്‍ഡയുടെയും മൗണ്ടന്‍ റെസ്‌ക്യൂ ടീമിന്റെയും മുന്നറിയിപ്പുകളെ അവഗണിച്ച് ചെറിയ കുട്ടികളുള്‍പ്പെടുന്ന കുടുംബങ്ങള്‍ വരെ വിശ്വാസപൂര്‍വ്വം മല കയറി. രാജ്യത്തെ വിശുദ്ധ പര്‍വ്വതെമെന്നറിയപ്പെടുന്ന ക്രോഗ് പാട്രിക്കില്‍ 1500 വര്‍ഷത്തിലേറെയായി നടന്നുവരുന്ന തീര്‍ത്ഥാടനം ആദ്യമായാണ് മുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴമൂലം പാറയിടുക്കുകള്‍ തെന്നിക്കിടക്കുന്നതിനാല്‍ അപകടത്തില്‍പെടുന്നവരെ രക്ഷപ്പെടുത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് റെസ്‌ക്യൂ ടീം പറയുന്നു. കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്ടറുകള്‍ക്ക് പര്‍വ്വതത്തില്‍ ലാന്‍ഡ് ചെയ്യാനാകില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. പര്‍വ്വതത്തില്‍ സീറോ വിസിബിലിറ്റിയാണെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ ഈ മുന്നറിയിപ്പുകളൊന്നും ഒരുപറ്റം തീര്‍ത്ഥാടകരെ പിന്തിരിപ്പിക്കുന്നില്ല. ചിലര്‍ നഗ്നപാദരായി തീര്‍ത്ഥാടനം പൂര്‍ത്തീകരിക്കണമെന്ന വിശ്വാസത്തിലാണ് മല കയറുന്നത്. 30,000 ത്തോളം വിശ്വാസികള്‍ വിശുദ്ധ മലയിലേക്കുള്ള ഇന്നത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൗണ്ടി മയോയിലെ വിശുദ്ധ മലയിലേക്ക് എല്ലാ വര്‍ഷത്തെയും ജൂലൈ മാസത്തിലെ അവസാന ഞായറാഴ്ച(റീക്ക് ഞായര്‍) നടത്തിവരുന്ന തീര്‍ത്ഥാടനമാണ് റദ്ദ ചെയ്തത്. 1500 വര്‍ഷത്തിലേറെയായി നടന്നുവരുന്ന ക്രോഗ് പാട്രിക് തീര്‍ത്ഥാടനം തന്റെ ഓര്‍മ്മയില്‍ ആദ്യമായാണ് മുടങ്ങുന്നതെന്ന് തൗവും അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.മൈക്കിള്‍ നേറി പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീര്‍ത്ഥാടകര്‍ മല കയറുന്നത് സുരക്ഷിതമല്ലെന്ന് ഗാര്‍ഡ ആവര്‍ത്തിക്കുന്നത്. മുന്നറിയിപ്പുകളവഗണിച്ച് മല കയറാന്‍ ശ്രമിക്കരുതെന്ന് വെസ്റ്റ്‌പോര്‍ട്ട് ഗാര്‍ഡ സ്‌റ്റേഷനിലെ സര്‍ജന്റെ ഡെന്നിസ് ഹാരിംഗ്ടണ്‍ പറഞ്ഞു. അന്തരീക്ഷം വളരെ മോശമാണ്. കേര്‍ക്ക് പാട്രിക് മലയുടെ മുകളില്‍ സജ്ജീകരിച്ചിരുന്ന രക്ഷാപ്രവര്‍ത്തകരുടെയും മെഡിക്കല്‍ ടീമിന്റെയും ടെന്റുകളടക്കം കാറ്റില്‍ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ വര്‍ഷവും തദ്ദേശീയരും അയര്‍ലന്‍ഡിലെ മലയാളികളടക്കമുള്ള നിരവധി ക്രൈസ്തവ വിശ്വാസികളും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാറുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2510 അടി ഉയരെ ബേസ് ക്യാമ്പില്‍ നിന്നും മൂന്നുമൈല്‍ ഉയരെയുള്ള മലമുകളിലെത്താന്‍ ഏകദേശം മൂന്നുമണിക്കൂര്‍ വേണ്ടി വരും. തീര്‍ത്ഥാടനദിവസം ക്രോഗ് പാട്രിക് മലയില്‍ രാവിലെ 7.30 മുതല്‍ 2 മണിവരെ ഓരോ അരമണിക്കൂറിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുകയും അനുരഞ്ജന ശുശ്രൂഷകള്‍ നടത്തപ്പെടുകയുമാണ് പതിവ്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മലമുകളില്‍ നടത്താനിരുന്ന ദിവ്യബലി രാവിലെ 8.30 ന് മലയടിവാരത്തിന് സമീപമുള്ള ലേസന്‍വേ പളളിയില്‍ നടത്തപ്പെട്ടു. ഇന്ന് ഇവിടെ തീര്‍ത്ഥാടകര്‍ക്കായി തുടര്‍ച്ചയായി ദിവ്യബലി അര്‍പ്പിക്കപ്പെടുമെന്ന് തൗവും അതിരൂപത ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. വളരെ വര്‍ഷങ്ങളായി മലകയറുന്ന തന്റെ ഓര്‍മ്മയില്‍ ആദ്യമായാണ് തീര്‍ത്ഥാടനം തടസ്സപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

25 മുതല്‍ 35 മില്ലിലിറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. രാജ്യം മുഴുവന്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുള്ള 13 വോളന്റിയര്‍ മൗണ്ടെയ്ന്‍ റെസ്‌ക്യൂ ടീമിലെ 300 ഓളം വോളന്റിയര്‍മാരാണ് സുരക്ഷ ചുമതല വഹിക്കുന്നത്. മുന്നറിയിപ്പുകളെ അവഗണിച്ചും മല കയറുന്നവരെ സഹായിക്കാന്‍ സുരക്ഷ സേന സര്‍വ്വസന്നാഹങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: