പീഡനത്തിനു ജയിലിലായ ആശാറാമിന്റെ വീരകഥകള്‍ മൂന്നാം ക്ലാസ് പാഠപുസ്തകത്തില്‍

 

ജോധ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം രാജസ്ഥാനിലെ പാഠപുസ്തകത്തില്‍. പാഠപുസ്തകത്തില്‍ പ്രമുഖ സന്യാസിമാരുടെ പട്ടികയിലാണു വിവാദ ആള്‍ദൈവം ആശാറാം ബാപ്പു ഇടംപിടിച്ചിരിക്കുന്നത്. രാജസ്ഥാനിലെ മൂന്നാം ക്ലാസ് പാഠപുസ്തകത്തിലാണ് ആശാറാം ബാപ്പുവിന്റെ വീരകഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജോധ്പുരിലെ മൂന്നാം ക്ലാസിലേക്കുള്ള പൊതുവിജ്ഞാന പുസ്തകത്തില്‍ പ്രമുഖ സന്യാസിമാരുടെ ജീവിതം വിവരിക്കുന്ന ഭാഗത്താണ് ആശാറാമിനെയും കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നത്. ശ്രീബുദ്ധന്‍, മദര്‍ തെരേസ, വിവേകാനന്ദന്‍ തുടങ്ങി 18 മഹദ്‌വ്യക്തികളുടെ ജീവിതത്തെക്കുറിച്ചാണു പുസ്തകത്തില്‍ വിവരിക്കുന്നത്. ശ്രീബുദ്ധനു ശേഷമാണ് ആശാറാമിനെക്കുറിച്ചുള്ള പാഠഭാഗം. വിവാദ യോഗാഗുരു ബാബ രാംദേവും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഗുരുകുല്‍ എജ്യൂക്കേഷന്‍ ബുക്‌സാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിക്കുന്ന സമയത്ത് ആശാറാമിന് എതിരായി കേസുകളൊന്നുമില്ലായിരുന്നുവെന്നാണു പ്രസാധകര്‍ വിശദീകരണം നല്‍കുന്നത്. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് പറയുന്നത് സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ്. പീഡനക്കേസില്‍ ആശാറാം 2013 മുതല്‍ ജയിലിലാണ്. ആശ്രമത്തില്‍ പീഡനത്തിരയായെന്ന 16 വയസുകാരിയുടെ പരാതിയിലാണ് ആശാറാം ജയിലിലായത്. കേസില്‍ സാക്ഷികളായ പലരും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും വിവാദമായിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: