സെക്കുലര്‍ സ്‌കൂളുകള്‍ വേണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ രംഗത്ത്

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ 92 ശതമാനം സ്‌കൂളുകളും കതോലിക് മാനേജ്‌മെന്റിന് കീഴിലാണ്. അതുകൊണ്ട് തന്നെ മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാനാഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് അതിനുള്ള അവസരങ്ങളും കുറവാണ്. ഈ സാഹചര്യത്തിലാണ് സാമുദായിക സംഘടനകളുടെ നിയന്ത്രണത്തിലല്ലാത്ത കൂടുതല്‍ സ്‌കൂളുകള്‍ വേണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡബ്ലിന്‍ നിവാസികളായ നിക്കി മുര്‍ഫിയും ക്ലെം ബ്രണ്ണനും രണ്ടുകുട്ടികളാണ്. നാലുവയസായപ്പോള്‍ മകനായ റൂബനെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് നിരവധി പ്രശ്‌നങ്ങളുണ്ടായി. നിക്കിയും ക്ലെമും മകനെ ബാപ്റ്റിസം ചെയ്യിച്ചിരുന്നില്ല. സ്‌കൂളില്‍ ചേര്‍ക്കേണ്ട സമയമായപ്പോള്‍ മകന് പ്രവേശനം ലഭിക്കാന്‍ സാധ്യതയുള്ള സ്‌കൂളുകളുടെ എണ്ണം വളരെ കുറവാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അയര്‍ലന്‍ഡിലെ മിക്കവാറും എല്ലാ പബ്ലിക് സ്‌കൂളുകളും കതോലിക് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ളതാണ്. പ്രവേശനമാനദണ്ഡങ്ങളില്‍ ബാപ്റ്റിസം ചെയ്ത കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. റൂബനു വേണ്ടി മാതാപിതാക്കള്‍ 13 സ്‌കൂളുകളില്‍ അപേക്ഷ നല്‍കി. എന്നാല്‍ അതെല്ലാം അവര്‍ നിരസിച്ചു. ഈ അനുഭവമാണ് നിക്കിയെയും ക്ലെമിനെയും എന്തുകൊണ്ട് തങ്ങളുടെ മകനെ കതോലിക് മാനേജുമെന്റുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ അയയ്‌ക്കേണ്ടി വരുന്നുവെന്ന ചിന്തയ്ക്കിട നല്കിയത്.

ഒരു തലമുറ മുമ്പ് മതസ്ഥാപനങ്ങളുടെ കീഴിലല്ലാത്ത സ്‌കൂളുകളുടെ ആവശ്യമാണ് എന്നൊരവസ്ഥ അയര്‍ലന്‍ഡില്‍ ശക്തമായിരുന്നില്ല. എന്നാല്‍ ഇന്ന് ആളുകള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. മതസ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളിലെ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സല്ലിവന്‍ പറയുമ്പോള്‍ സര്‍ക്കാരിനുമേല്‍ രാജ്യത്തിന്റെ ചരിത്രപരമായ പ്രത്യേകതകള്‍ നിയന്ത്രണമേര്‍പ്പെടുത്തുകയാണ്.

മതസ്ഥാപനങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനും സംരക്ഷിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അതുകൊണ്ട് വിദ്യാഭാസ മേഖലയുടെ നേതൃസ്ഥാനത്ത് മതസ്ഥാപനങ്ങള്‍ വരുമ്പോഴും ഇതേ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമെന്നും സല്ലിവന്‍ പറയുന്നു.

നിക്കി അവസാനം മകനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അവനെ ബാപ്റ്റിസം ചെയ്യിപ്പിച്ചു. എന്നാല്‍ തന്റെ മകന് തെറ്റായ ഒരു സന്ദേശമാണ് താന്‍ നല്‍കിയതെന്നും അവര്‍ പറയുന്നു. നിക്കിയും ക്ലെമും തങ്ങളുടെ സമീപപ്രദേശത്ത് സെക്കുലര്‍ സ്‌കൂളുകള്‍ ആരംഭിക്കണമെന്ന് ആവശ്യവുമായി കാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. സെക്കുലാര്‍ സ്‌കൂളുകള്‍ വിജയമായിരിക്കുമെന്നും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കേണ്ട സമയമാകുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: