ഫാഷന്‍ ലോകത്തു നിന്നും ഐഎസിന് നേരെ ഒരു ബോംബ്

ബാഗ്ദാദ് : ലോകത്തു മുഴുവന്‍ ഭീകരവാദത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്ന ഐഎസിനെതിരെ ഇറാഖില്‍ നിന്നും ഒരു ഫാഷന്‍ ഡിസൈനര്‍. തോക്കുകൊണ്ടോ കത്തികൊണ്ടോ അല്ല ഇവര്‍ ഐഎസിനെ എതിര്‍ക്കുന്നത്. മറിച്ച് തന്റെ കഴിവുകൊണ്ടാണ്. ഐഎസിനെ എതിര്‍ത്തും ഇറാഖ് സേനയെ അഭിവാദനം ചെയ്തുകൊണ്ടും ബാഗ്ദാദിലെ ഹണ്ടിംഗ് ക്ലബ്ബില്‍ ഇവര്‍ ഒരു ഫാഷന്‍ ഷോ നടത്തിയാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഐഎസിന്റെ മുന്നില്‍ തന്റെ ഫാഷന്‍ ട്രെന്‍ഡുകള്‍ അവതരിപ്പിച്ച ആ ഡിസൈനര്‍ ഒരു പെണ്‍പുലിയാണ്, പേര്- വഫ അല്‍-ഷത്താര്‍. ഇറാഖ് സൈനികരുടെ വേഷത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇവര്‍ വസ്ത്രങ്ങളില്‍ വിസ്മയം സൃഷ്ടിച്ചത്. ഇറാഖ് ഫാഷന്‍ മേഖലയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്ന സമയത്തായിരുന്നു ഐഎസ് തീവ്രവാദികള്‍ ഇറാഖില്‍ ആക്രമണം അഴിച്ചുവിട്ടത്. രാജ്യം സംരക്ഷിക്കുന്ന പട്ടാളക്കാര്‍ക്ക് ആദരമായിട്ടാണ് താന്‍ ഈ ഫാഷന്‍ ഷോ അവതരിപ്പിക്കുന്നതെന്ന് ഡിസൈനര്‍ വഫ വ്യക്തമാക്കി.

മോഡേണ്‍, ബാഗ്ദാദി, കുര്‍ദിഷ്, ഹിസ്റ്റോറിക് ആന്‍ഡ് ഫോക്‌ലോര്‍ എന്നീ കളക്ഷനുകള്‍ക്കൊപ്പമാണ് സൈനികര്‍ക്ക് പിന്‍തുണ അര്‍പ്പിച്ചുകൊണ്ടുള്ള വസ്ത്രങ്ങളണിഞ്ഞ മോഡലുകള്‍ റാംപ് കൈയ്യടക്കിയത്. ഇറാഖിലെ പട്ടാളക്കാരുടെ മാത്രമല്ല രാജ്യത്തെ എല്ലാ ജനങ്ങളുടേയും ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി. സൈനിക വേഷത്തിലെത്തിയ പുരുഷ മോഡലുകള്‍ ആയുധങ്ങളുടെ മാതൃകകളും ഒപ്പം കൂട്ടിയത് കാണികള്‍ക്ക് കൂടുതല്‍ ദൃശ്യവിരുന്നായി.

Share this news

Leave a Reply

%d bloggers like this: