കശ്മീര്‍ വിഘടന വാദികളെ ഒഴിവാക്കാനാവില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: കശ്മീരിലെ വിഘടനവാദി നേതാക്കള്‍ മൂന്നാം കക്ഷിക്കാരല്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ വിഷയത്തില്‍ അവര്‍ പ്രധാനികളാണ്. അവരുടെ ഭാവി നിര്‍ണയിക്കുന്ന എന്തു തീരുമാനം എടുക്കുമ്പോഴും അവരുമായും കൂടിയാലോചന നടത്തണം. അവരുടെ അഭിപ്രായവും പരിഗണിക്കണമെന്നും ഷെരീഫ് പറഞ്ഞു.

കശ്മീര്‍ വിഷയം ഉള്‍പ്പെടുത്താത്ത ഇന്ത്യപാക്കിസ്ഥാന്‍ ചര്‍ച്ച വ്യര്‍ഥമാണെന്നും ക്യാബിനറ്റ് യോഗത്തില്‍ ഷെരീഫ് പറഞ്ഞതായി ഡോണ്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യപാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറിയതിനെ ന്യായീകരിച്ച് ഷെരീഫ് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. ചര്‍ച്ച റദ്ദാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് യോഗത്തില്‍ ഷെരീഫിനോടും മറ്റ് ക്യാബിനറ്റ് അംഗങ്ങളോടും വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച നടക്കാനിരുന്ന ഇന്ത്യപാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്നും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു പാക്കിസ്ഥാന്‍ പിന്മാറിയത്. കശ്മീര്‍ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്താന്‍ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ലെന്നുമുള്ള വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു പിന്മാറ്റം.

Share this news

Leave a Reply

%d bloggers like this: