കാശ്മീരില്‍ സൈന്യവും പൊലീസും ഒരു പാക് ഭീകരനെ കൂടി പിടികൂടി

ശ്രീനഗര്‍: വടക്കന്‍ കാശ്മീരില്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തില്‍ ഒരു പാക് ഭീകരനെ കൂടി പിടികൂടി. ബാരമുള്ളയില്‍ 20 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഇയാളുടെ കൂട്ടാളികളായ നാലു ഭീകരരെ വധിച്ചു.

തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മുസാഫര്‍ഗഢ് സ്വദേശിയായ സജ്ജാദ് അഹമ്മദാണ് (22) ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇയാളെ ശ്രീനഗറിലെ കേന്ദ്രത്തില്‍ സുരക്ഷാ സേന ചോദ്യം ചെയ്തുവരികയാണ്. ഒരു മാസത്തിനിടെ ജീവനോടെ പിടിയിലായ രണ്ടാമത്തെ പാക് ഭീകരനാണ് ഇയാള്‍. സംഘടനയിലെ തന്റെ രഹസ്യനാമം അബു ഉബേദ് ഉല്ലാ എന്നാണെന്ന് ഇയാള്‍ വെളിപ്പെടുത്തി.

ഉറിയില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ നിന്ന് ഇവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ഒരു കൂട്ടാളിയെ മാത്രമാണ് അന്ന് സൈന്യത്തിന് വധിക്കാനായത്. പിന്നീട് ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ മാറി നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള റാഫിയാബാദിലെ വനമേഖലയിലാണ് ഒളിച്ചിരുന്ന ഇവരെ സൈന്യം കണ്ടെത്തിയത്.
ആഗസ്റ്റ് അഞ്ചിന് ഉധംപൂരില്‍ അര്‍ദ്ധസൈനിക വിഭാഗത്തിന് നേരെ നടന്ന ഭീകരാക്രമണത്തിനിടെ ലഷ്‌കറെ തയ്ബ ഭീകരനും പാക് പൗരനുമായ മുഹമ്മദ് നവേദ് യാക്കൂബ് (20) പിടിയിലായിരുന്നു. ബുധനാഴ്ച കനത്ത സുരക്ഷയോടെ ജമ്മുവിലെ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ മജിസ്‌ട്രേട്ടിനു മുമ്പാകെ കുറ്റസമ്മതം നടത്തി.

Share this news

Leave a Reply

%d bloggers like this: