2040 ഓടെ ജലക്ഷാമം രൂക്ഷമാകുമെന്ന് പഠനം

 
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ലോകരാജ്യങ്ങളിലെ അഞ്ചിലൊന്നും രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലാകുമെന്നാണ് വേള്‍ഡ് റിസോഴ്‌സ് സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ട്. ജലക്ഷാമ ഭീഷണി യുഎസ്സിനും ചൈനയ്ക്കും ഇന്ത്യയ്ക്കുമുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വര്‍ധനവ്, മഴയുടെ അനുപാതം എന്നിവ വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. 2014ഓടെ ജലക്ഷാമം രൂക്ഷമായേക്കാവുന്ന രാജ്യങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യസ്ഥാനങ്ങളില്‍ ഭൂരിഭാഗവും. ബഹറൈന്‍ ആണ് പട്ടികയില്‍ ഒന്നാമത്. കുവൈത്ത്, പാലസ്തീന്‍, ഖത്തര്‍, യുഎഇ, ഇസ്രായേല്‍, സൗദി അറേബ്യ, ഒമാന്‍, ലെബനന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.

ജലസുരക്ഷിതത്വം ഇല്ലാത്ത രാജ്യങ്ങള്‍ ഏറെയുള്ള മേഖലയാണ് പശ്ചിമേഷ്യ. ഭൂഗര്‍ഭജലവും ഉപ്പ് നീക്കം ചെയ്ത കടല്‍വെള്ളവുമാണ് ഈ രാജ്യങ്ങളിലുള്ളവരുടെ ഏക ആശ്രയം. അതിനാല്‍ തന്നെ ഭാവിയില്‍ ജലക്ഷാമം ആദ്യം ബാധിക്കുക ഈ രാജ്യങ്ങളെയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മംഗോളിയ, നമീബിയ, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, പെറു, ചിലി തുടങ്ങി രാജ്യങ്ങളിലും ജലസുരക്ഷിതത്വമില്ല.

2050 ഓടെ ലോകജനസംഖ്യ 900 കോടിയാകും. അതോടെ ജലത്തിന്റെ ആവശ്യവും വര്‍ധിക്കും. നിലവിലെ രീതിയില്‍ ജലം ഉപയോഗിച്ച് തീര്‍ത്താല്‍ വരുംതലമുറയ്ക്ക് കുടിവെള്ളമുണ്ടാകില്ലെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: