കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി സെന്‍കുമാര്‍

 

തിരുവനന്തപുരം: കൊറിയര്‍ സര്‍വീസുകള്‍ വഴി മയക്കുമരുന്നുകള്‍ അടക്കമുളള നിരോധിത വസ്തുക്കള്‍ കടത്തുന്നുവെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. മയക്കുമരുന്ന് കടത്ത് പിടികൂടിയാല്‍ കൊറിയര്‍ കമ്പനി എംഡി അടക്കമുളള മാനേജ്‌മെന്റിനെ പ്രതിയാക്കി കേസെടുക്കുമെന്നും ഡിജിപി ഫേസ് ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് കൊറിയര്‍ സര്‍വീസുകള്‍ മുഖേന തപാലുകള്‍ അയക്കുന്ന കമ്പനികള്‍ക്കാണ് ഡിജിപി ടി പി സെന്‍കുമാറിന്റെ മുന്നറിയിപ്പ്. മയക്കുമരുന്നുകള്‍ അടക്കമുളള പല നിരോധിത വസ്തുക്കളും കൊറിയര്‍ സര്‍വീസുകള്‍ വഴി കടത്തുന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഡിജിപി പറയുന്നു.

കൊറിയര്‍ സര്‍വ്വീസുകാര്‍ അറിഞ്ഞോ അറിയാതെയോ ആണ് അനധികൃത വസ്തുക്കളുടെ കടത്ത്. ഇത് സമൂഹത്തിന് വലിയ ഭീഷണിയാകുന്നു.നിരോധിത വസ്തുക്കള്‍ കൊറിയര്‍ മുഖേന കടത്തുന്നുണ്ടോയെന്നറിയാന്‍ കമ്പനികള്‍ സ്‌കാനറുകള്‍ സ്ഥാപിക്കണം.സ്‌കാനിങ്ങ് നടത്തുമ്പോള്‍ ഇത്തരം വസ്തുക്കളെക്കുറിച്ച് വിവരം കിട്ടിയാല്‍ പോലീസിനെയും എക്‌സൈസിനെയും ഉടനടി അറിയിക്കണം.തങ്ങളുടെ കൊറിയര്‍ വഴി നിരോധിത വസ്തുക്കള്‍ കടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് കൊറിയര്‍ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും ഡിജിപി എഴുതുന്നു.

കൊറിയര്‍ സര്‍വ്വീസ് മുഖേനെ മയക്കുമരുന്നുകള്‍ കടത്തിയാല്‍ കൊറിയര്‍ കമ്പനികളുടെ സിഎംഡി,എംഡി,ഡയറക്ടേഴ്‌സ് എന്നിവരെ കുറ്റകൃത്യത്തില്‍ പ്രതികളാക്കി കേസെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തങ്ങളുടെ അധികാര പരിധിയിലുളള കൊറിയര്‍ കമ്പനികളെ ഈ വിവരങ്ങള്‍ ഉചിതമായ രീതിയില്‍ അറിയിക്കാനും ഡിജിപി എസ് പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: