അയര്‍ലന്‍ഡിലെ പകുതിയിലധികം പേര്‍ക്കും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ അനുകൂലനിലപാട്

 

ഡബ്ലിന്‍: ലോകം അഭയാര്‍ത്ഥികളുടെ അനാഥത്വം നെഞ്ചേറ്റുമ്പോള്‍ അവര്‍ക്ക് അഭയം നല്‍കാന്‍ വാതിലുകള്‍ തുറക്കുമ്പോള്‍ അയര്‍ലന്‍ഡിലെ പകുതിയിലധികം ജനങ്ങളും രാജ്യം സിറിയയില്‍ നിന്ന് 5000 അഭയാര്‍ത്ഥികളെയെങ്കിലും ഏറ്റെടുക്കണമെന്നാഗ്രഹിക്കുന്നവരാണെന്ന് സര്‍വേഫലം. യൂറോപ്പിലെ നിലവിലെ അഭയാര്‍ത്ഥിപ്രവാഹത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അയര്‍ലന്‍ഡ് 5000 അഭയാര്‍ത്ഥികളെ ഏറ്റെടുക്കണമെന്നാണ് 54 ശതമാനം പേരും ആഗ്രഹിക്കുന്നതെന്ന് Claire Byrne Live/Amárach Research സര്‍വേ റിപ്പോര്‍ട്ട്.

സിറിയ, എറിത്ര എന്നിവിടങ്ങളില്‍ നിന്നായി 5000 അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് ഉപപ്രാധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ സൂചിപ്പിച്ചിരുന്നു. അവര്‍ ഡയറക്ട് പ്രൊവിഷന്‍ സിസ്റ്റത്തിലൂടെയല്ല അവരെ ഏറ്റെടുക്കുകയെന്നും യുഎന്നിന്റെ ‘പ്രോഗ്രാം റെഫ്യൂജി’ എന്ന കാറ്റഗറിയിലായിരിക്കുമെന്നും ബര്‍ട്ടന്‍ സൂചന നല്‍കിയിരുന്നു.

പുതിയ പദ്ധതിയിലെ മാനദണ്ഡമനുസരിച്ച് അഭയാര്‍ത്ഥികള്‍ക്ക് ആദ്യം രണ്ടുവര്‍ഷം താമസിക്കാനുള്ള അനുവാദം നല്‍കും. ആ സമയത്തിനുള്ളില്‍ അവരുടെ രാജ്യങ്ങളിലെ സംഘര്‍ഷം പരിഹരിക്കപ്പെടുകയാണെങ്കില്‍ അവര്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങാം.

അഭയാര്‍ത്ഥി വിഷയത്തില്‍ രാജ്യവും രാഷ്ട്രീയ നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാനാണ് സര്‍വേ നടത്തിയത്. മംഗ്സ്റ്ററിലെയും ലെയ്സ്റ്ററിലെയും ഭൂരിഭാഗം ആളുകളും 5000 അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനോട് അനുകൂലാഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ കോണാട്ട്. അള്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ 42 ശതമാനവും അനുകൂലനിലപാട് സ്വീകരിച്ചു.

45 മുതല്‍ 55 വയസുവരെ പ്രായമുള്ളവരില്‍ അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചവര്‍ 50 ശതമാനത്തില്‍ താഴെയായിരിക്കുമ്പോള്‍ 15 നും 24 നുമിടയില്‍ പ്രായമുള്ളവരും 35നും 44 നുമിടയില്‍ പ്രായമുള്ളവരിലും 58 ശതമാനം പേര്‍ 5000 പേരെ അയര്‍ലന്‍ഡ് ഏറ്റെടുക്കുന്നതില്‍ അനുകൂലനിലപാട് സ്വീകരിച്ചു.

അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ സിറിയയില്‍ നിന്ന് 20,000 അഭയാര്‍ത്ഥികളെ ഏറ്റെടുക്കാമെന്ന് അറിയിച്ചു. അഭയാര്‍ത്ഥി വിഷയത്തില്‍ മാനുഷിക പരിഗണനയാണ് ബ്രിട്ടന്‍ സ്വീകരിക്കുന്നതെന്നും കുട്ടികള്‍ക്കും അനാഥര്‍ക്കുമാണ് മുന്‍ഗണന നല്‍കുകയെന്നും കാമറൂണ്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: