അഭയാര്‍ത്ഥികളെ മനപ്പൂര്‍വം ഉപദ്രവിച്ച ഹംഗേറിയന്‍ മാധ്യമപ്രവര്‍ത്തകയെ പുറത്താക്കി

ബുഡാപെസ്റ്റ്: കുടിയേറ്റക്കാരെ മനപ്പൂര്‍വം ഉപദ്രവിച്ച ഹംഗേറിയന്‍ മാധ്യമപ്രവര്‍ത്തകയെ പുറത്താക്കി. ഹംഗറിയിലാണ് സംഭവം. പൊലീസില്‍നിന്ന് കുതറി ഓടുന്ന കുടിയേറ്റക്കാരില്‍ ഒരാളെ ഇടങ്കാല് വെച്ച് വീഴ്ത്തുന്നതിന്റെയും കുടിയേറ്റക്കാരിലൊരാളായ പെണ്‍കുട്ടിയെ ചവിട്ടുന്നതിന്റെയും ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. ഇതേത്തുടര്‍ന്നാണ് ചാനല്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകയെ പുറത്താക്കിയത്.

ഹംഗറിയിലെ എന്‍1ടിവി എന്ന വാര്‍ത്താ ചാനലിലെ ക്യാമറാ പേഴ്‌സണാണ് പ്രായമായ ഒരാള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരോട് ക്രൂരത കാട്ടിയത്. മറ്റു കാമറാമാന്മാര്‍ ഈ ദൃശ്യം പകര്‍ത്തി. സംഭവം ചാനലുകള്‍ ഏറ്റെടുത്തു. ഇത് എന്‍1 ടിവി അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ തിരികെ ഓഫീസില്‍ ചെല്ലുന്നതിനു മുമ്പേ മാധ്യമപ്രവര്‍ത്തകയെ പിരിച്ചുവിട്ടായി അറിയിപ്പ് ലഭിച്ചു .സ്ഥാപനം ഇവരുമായി ഏര്‍പ്പെട്ടിരുന്ന ജോലി കരാര്‍ റദ്ദാക്കിയെന്നും ഇവര്‍ ചെയ്തത് തെറ്റാണെന്നും ചാനലിന്റെ ചീഫ് എഡിറ്റര്‍ കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഹംഗറിയില്‍ ഈവര്‍ഷം മാത്രം 1,67,000 അഭയാര്‍ഥികള്‍ അനധികൃതമായി എത്തിയെന്നാണ് കണക്ക്. ഭൂരിപക്ഷം പേരും റോസ്‌കെ മേഖല വഴിയാണ് എത്തുന്നത്. ഇതിനാലാണ് ഈ അതിര്‍ത്തിയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയത്. അതിര്‍ത്തികടന്നെത്തുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ ഹംഗറി ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഭേദഗതി കഴിഞ്ഞയാഴ്ച ഹംഗേറിയന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈമാസം 15ന് ഈ ഭേദഗതി പ്രാബല്യത്തില്‍ വരും.

Share this news

Leave a Reply

%d bloggers like this: