അഭയാര്‍ത്ഥി പ്രശ്നം..ഈ വര്‍ഷം ആരുമില്ലാതെ എത്തിയ കുട്ടികള്‍ 57… നടപടികള്‍ സുതാര്യമാവണം

ഡബ്ലിന്‍ : യുദ്ധവും സമാനമായ സംഭവങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയായിരിക്കും. ഒരു പുതിയ തലമുറയെ തന്നെ അത് അനാഥരാക്കി കളയും. അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോള്‍ ഈ വര്‍ഷം ആദ്യം മുതല്‍ ഇതുവരെയായി രക്ഷിതാക്കളില്ലാതെ അയര്‍ലന്‍ഡിലെത്തിയ കുട്ടകള്‍ 57 ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംരക്ഷകരായി ആരുമില്ലാതെ തനിയെയെത്തിയ ഇവര്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് അയര്‍ലന്‍ഡില്‍.

പുതിയ അഭയാര്‍ത്ഥി പദ്ധതി പ്രഖ്യാപിച്ചതോടെ ഇനിയും അഭയാര്‍ത്ഥികളെത്തുമെന്നുറപ്പായിട്ടുണ്ട്. എന്നാല്‍ മേഖലയിലുള്ള ആരോഗ്യകരമായ ഇടപടെലിനെ ഇത് എത്രമാത്രം സഹായിക്കുമെന്ന സംശയമുണ്ട്. അഭയാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍, ആരോഗ്യം, ആനുകൂല്യങ്ങള്‍ ഇവയിലെന്തെങ്കിലും മാറ്റം പുതിയ അഭയാര്‍ത്ഥി പദ്ധതി കൊണ്ട് വരുമോ എന്നത് കാത്തിരുന്നു കാണണം. മാത്രമല്ല രണ്ട് തലത്തിലുള്ള പരിചരണം ആകുമോ അഭയാര്‍ത്ഥികളോടെന്നും സംശയിക്കുന്നവരുണ്ട്.

ടുസ്ലയാണ് ഇതുവരെയെത്തിയ കുട്ടികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എയര്‍പോര്‍ട്ടുകളില്‍ നിന്നും സീപോര്‍ട്ടുകളില്‍ നിന്നും അനാഥരായ അഭയാര്‍ത്ഥികളെ കണ്ടെത്തുകയായിരുന്നു സ്ഥാപനം. കുട്ടികളുടെ ക്ഷേമത്തിനായി മേല്‍നോട്ടവും നടക്കുന്നുണ്ട്. നിലവില്‍ ഇവര്‍ ദത്ത് ഗൃഹങ്ങളിലും മറ്റുമായി കഴിയുകയാണ്. രാജ്യത്ത് ഈ വര്‍ഷം അഭയാര്‍ത്ഥി പദവി അപേക്ഷിച്ച കുട്ടികളില്‍ പത്ത് ശതമാനവും രക്ഷിതാക്കളിലാത്തവരാണെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നു. അല്‍ബേനിയ, നൈജീരിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ അഭയാര്‍ത്ഥി പദവി തേടുന്നത്.

നാലായിരം പേരെ കൂടി സര്‍ക്കാര്‍ നിലവിലെ സാഹചര്യം പരിഗണിച്ച് സ്വീകരിക്കുമ്പോള്‍ സ്വാഭിവികമായി നടക്കാറുള്ള അഭയാര്‍ത്ഥി പരിപാടിയ്ക്ക് മന്ദഗതി വരുമോയെന്ന സംശയത്തിലാണ് ഒരു വിഭാഗം. ഒരുപക്ഷേ ഭാവിയില്‍ ഇത് ദ്വിതല മനോഭാവത്തിന് കാരണമാകാമെന്നും മറ്റുള്ളവരെ വേണ്ടത്ര ശ്രദ്ധിക്കാതെ പോകാമെന്നും ഭയക്കുന്നവരുണ്ട്. 34 കേന്ദ്രങ്ങളിലായി 4400 പേരാണ് നിലവില്‍രാജ്യത്ത് അഭയാര്‍ത്ഥി പദവിയില്‍ കഴിയുന്നത്. ഇതില്‍ 33 ശതമാനവും കുട്ടികളാണ്. അത്കൊണ്ട് തന്നെ അവഗണിക്കപ്പെട്ടാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയായിരിക്കും. പുതിയ അഭയാര്‍ത്ഥികളുടെ അഭയാര്‍ത്ഥി പദവി അപേക്ഷകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ നിലവിലുള്ളവരുടേത് വര്‍ഷങ്ങളായിട്ടും നടപടിക്ക് കാത്തിരിക്കുകയാണെന്നത് മറന്ന് പോകരുത്. അഭയാര്‍ത്ഥി പദവിയുടെ അപേക്ഷയില്‍ തീരുമാനം എടുക്കാനുള്ള കാലതാമസം നിമിത്തും പലര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതുണ്ട്. മറ്റൊരു രാജ്യം തേടി പോകാനാകാത്ത സ്ഥിതിയും ഉണ്ടാകുന്നു.

സര്‍ക്കാര്‍ ആകട്ടെ ഈ മേഖലയില്‍ ലഭിച്ചിട്ടുള്ള നിര്‍ദേശം പാലിക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. 19.60 യൂറോ, 9.60 യൂറോ എന്നിങ്ങനെ അഭയാര്‍ത്ഥികളിലെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന അലവന്‍സുകള്‍ ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.€38.74, €29.80 എങ്കിലും ആഴച്ചയില്‍ നല്‍കണമെന്നാണ് നിര്‍ദേശമുള്ളത്. കൂടാതെ കുടുംബങ്ങളുടെ താമസ സൗകര്യങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഭയാര്‍ത്ഥി മേഖലയില്‍ പരിഷ്കരണം വരുത്തുന്നുണ്ടെങ്കില്‍ ആകെ തന്നെ മാറ്റത്തിന് ശ്രമിക്കാത്തത് എന്താണെന്ന ചോദ്യവും ബാക്കിയാണ്. സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ സുതാര്യമാകണമെന്നും അതല്ലെങ്കില്‍ സഹായമെന്നത് വാചകടിമാത്രമാകുമെന്നും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: