ഡിസബിലിറ്റി ഹോമുകളിലെ വീഴ്ച: എച്ച്എസ്ഇയ്‌ക്കെതിരേ ഹിക്വ

 

ഡബ്ലിന്‍: എച്ച്എസ്ഇയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡിസബിലിറ്റി ഹോമുകളിലെ നിലവാരമില്ലായ്മ ഗുരുതരമായ പ്രശ്‌നമാണെന്ന് ഹിക്വ (ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി). ഡിസബിലിറ്റി ഹോമുകളില്‍ മനുഷ്യാവകാശ ലംഘനങ്ങളും മോശം നിലവാരമില്ലാത്ത പരിചരണവുമാണ് രോഗികള്‍ക്ക് ലഭിക്കുന്നതെന്ന് നേരത്തേ ഹിക്വ കണ്ടെത്തിയിരുന്നു. ഹിക്വയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.

ചില കെയര്‍ ഹോമുകളില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക സഹായം എച്ച്എസ്ഇ തുടര്‍ന്നും നല്‍കിവരുന്നതായി വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. കെയര്‍ ഹോമുകളുടെ നടത്തിപ്പ് ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരാത്തതിനാലാണ് വിഴ്ച സംഭവിച്ച ഹോമുകളുടെ പ്രവര്‍ത്തനത്തിന് സഹായം തുടരുന്നതെന്നും എച്ച്എസ്ഇ വ്യക്തമാക്കുന്നു. മാനസികശാരീരിക വൈകല്യമുള്ളവരെ താമസിപ്പിച്ച് പരിചരിക്കുന്ന റെസിഡെന്‍ഷ്യല്‍ കേന്ദ്രങ്ങളില്‍ മോശം ജീവിത സാഹചര്യങ്ങളാണുള്ളതെന്നും ഹിക്വ റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ അന്തേവാസികളോട് അപമര്യാദയായി പെുരുമാറുന്നതായും ആരോപണമുണ്ട്. ഹിക്വയുടെ കണ്ടെത്തലുകളെ തുടര്‍ന്ന് കെയര്‍ഹോമുകളുടെ നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എച്ച്എസ്ഇ വ്യക്തമാക്കി.

ഫെലിം ക്വിന്‍ ഹിക്വയുടെ മേധാവിയായി സ്ഥാനമേറ്റെടുത്ത ശേഷമാണ് ഡിസബിലിറ്റി കെയര്‍ സെന്ററുകളില്‍ പരിശോധന കര്‍ശനമാക്കിയത്. ആരോഗ്യമേഖലയില്‍ പലപ്പോഴും അവഗണിക്കപ്പെടുകയും എന്നാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുമായ ഒരു വിഭാഗത്തിനു വേണ്ടിയുള്ള ഹിക്വയുടെ പ്രധാനപ്പെട്ട നീക്കമായാണ് പരിശോധനയെ ക്വിന്‍ വിലയിരുത്തിയത്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ടീം 159 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കെയര്‍ ഹോമുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി 450 മില്ല്യണ്‍ യൂറോയാണ് നേരത്തേ അനുവദിച്ചത്.

ഇത്തരം കേന്ദ്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അന്തസും മനുഷ്യാവകാശങ്ങളും ലഭിക്കുന്നില്ലെന്ന് ഹിക്വ നേരത്തേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാവരേയും പോലെ അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളെ വിശ്വസിക്കുന്നവര്‍ ചതിക്കപ്പെടുകയാണ്. രാവിലെ എപ്പോള്‍ ഉണരണമെന്നോ പ്രഭാത ഭക്ഷണത്തിന് എന്തു കഴിക്കണമെന്നോ പറയാന്‍ ഇവരെ അനുവദിക്കില്ല. അവരുടെ ശരീരം ശരിയായി വൃത്തിയാക്കുകയോ പരിചരിക്കുകയോ ചെയ്യുന്നില്ല. മിക്ക രോഗികളെയും മയക്കി കിടത്തുന്നതിന് അമിതമായി മരുന്നുകള്‍ ഉപോയോഗിക്കുന്നുണ്ട്. കൂടാതെ കസേരയിലോ മറ്റോ ഇവരെ കെട്ടിയിടുകയും ചെയ്യുന്നു.

അക്രമണ സ്വഭാവമുള്ളവരെ ഈ രീതിയിലേ പരിചരിക്കാന്‍ കഴിയൂ എന്നാണ് നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും വാദം. 2012ലാണ് ക്വിന്‍ ഹിക്വയില്‍ ഡയറക്ടര്‍ ഓഫ് റെഗുലേഷന്‍ പദവി ഏറ്റെടുത്തത്. 2013 ലാണ് ഹിക്വയ്ക്ക് ഡിസബിലിറ്റി സെന്ററുകളെയും ഹോസ്പിറ്റലുകളെയും നഴ്‌സിംഗ് ഹോമുകളെയും ചില്‍ഡ്രന്‍സ് ഹോമുകളെയും നിയന്ത്രിക്കാനുള്ള അധികാരം ലഭിച്ചത്. തുടര്‍ന്ന് അയര്‍ലന്‍ഡിലെ 959 റെസിഡെന്‍ഷ്യല്‍ കേന്ദ്രങ്ങളില്‍ 760 എണ്ണത്തില്‍ ഹിക്വ പരിശോധന നടത്തി. ഇവിടെ എണ്ണായിരത്തോളം പേരാണ് താമസിക്കുന്നത്. ഭൂരിഭാഗം കേന്ദ്രങ്ങളും ഹിക്വയുടെ നിലവാര പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. എച്ച്എസ്ഇ നടത്തുന്ന കേന്ദ്രങ്ങളിലും ഹിക്വ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലെ ശാരീരികമാനസിക വൈകല്യമുള്ള താമസക്കാരെ അന്തസോടെയും ബഹുമാനത്തോടെയും സുരക്ഷിതമായും വൃത്തിയായും പരിചരിക്കുന്നതിനാണ് ഹിക്വ മുന്‍ഗണന നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: