ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനര്‍നിര്‍മിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉപദേശവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനര്‍നിര്‍മിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉപദേശവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആപ്പിള്‍ സി.ഇ.ഒ സ്റ്റീവ് ജോബ്‌സിനെ പോലെ പ്രവര്‍ത്തിക്കണമെന്നാണ് രാഹുല്‍ പറഞ്ഞത്. മഥുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഡി.എന്‍.എയില്‍ കോണ്‍ഗ്രസുണ്ട്. ഞാന്‍ എന്നെ നിങ്ങളുടെ നേതാവായല്ല, ഒരു കുടുംബത്തിന്റെ ഭാഗമായാണ് കാണുന്നത്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും എന്റെ കുടുംബത്തെ പോലെയാണ്. ഒരു കുടുംബത്തില്‍ നിന്നും ആരേയും ഒഴിവാക്കാനാവില്ല. നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും എല്ലാവരുടേയും അഭിപ്രായത്തെ അംഗീകരിക്കണം. അന്യോന്യം കുടുംബാംഗങ്ങളെ പോലെ നിങ്ങള്‍ ശ്രദ്ധിച്ചു കൊള്ളണം’ എന്നും രാഹുല്‍ പറഞ്ഞു. ഗവണ്‍മെന്റിനെ നയിക്കുന്ന ആര്‍.എസ്.എസിനെ പോലെ അല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും എല്ലാ അംഗങ്ങളുടേയും ശബ്ദം ഇവിടെ കേള്‍ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും രാഹുല്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മോദി സ്വയം നശീകരണത്തിന്റെ പാതയിലാണെന്ന് രാഹുല്‍ പറഞ്ഞു. നല്ല ദിനങ്ങള്‍ വരുമെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. അവര്‍ മോദിയെ വിമര്‍ശിക്കുകയല്ല, അധിക്ഷേപിക്കുകയാണ്. മോദി താഴേയ്ക്ക് പോകുന്‌പോള്‍ ആ ഒഴിവ് നികത്താന്‍ കോണ്‍ഗ്രസിനാകുന്നു എന്ന് ഉറപ്പ് വരുത്തണമെന്ന് രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കി.

നമ്മളുടെ പ്രത്യയശാസ്ത്രം എല്ലാവരുടേയും ഹൃദയത്തിലുണ്ടാകണം.യുപിയില്‍ നമ്മള്‍ നാലാം പാര്‍ട്ടിയാണെങ്കിലും പ്രത്യയശാസ്ത്രത്തില്‍ നാം ഒന്നാം സ്ഥാനത്താണ്. നമ്മളുടെ പ്രത്യയശാസ്ത്രം നമ്മളെ വിജയിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: