വിശാല ഹിന്ദു ഐക്യത്തിനില്ലെന്ന് ജി.സുകുമാരന്‍ നായര്‍

ചങ്ങനാശേരി: എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കത്തെ വിമര്‍ശിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സംവരണ വ്യവസ്ഥയ്ക്ക് മാറ്റം വരുത്താതെ വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകാന്‍ എന്‍.എസ്.എസ് ഒരുക്കമല്ല. ഹൈന്ദവ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകുമ്പോള്‍ കാലാകാലങ്ങളില്‍ എന്‍.എസ്.എസ് ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്‍.എസ്.എസിന് സെകുലര്‍ നിലപാടാണുള്ളതെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്‍.എസ്.എസ് വിശാല ഹിന്ദു ഐക്യത്തിനായി മുന്നില്‍ നില്‍ക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എന്‍.എസ്.എസ് എതിരല്ല. മതസംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് മതേതര സ്വഭാവത്തിന് എതിരാണ്. പഴയകാല അനുഭവങ്ങളില്‍ നിന്നാണ് താനിതുപറയുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ എന്‍.എസ്.എസ് അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. പാര്‍ട്ടി രൂപീകരിക്കുന്നതിലൂടെയോ ഏതെങ്കിലും പാര്‍ട്ടിയില്‍ പങ്കാളിയാകുന്നതിലൂടെയോ എല്ലാം പിടിച്ചടക്കാമെന്ന് എന്‍.എസ്.എസ് കരുതുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എല്ലാ പാര്‍ട്ടിയിലുമുള്ളവരും രാഷ്ട്രീയമില്ലാത്തവരും എന്‍.എസ്.എസിലുണ്ട്. അവരുടെ ഇടയിലെ സാമുദായിക ഐക്യമാണ് എന്‍.എസ്.എസിനും രാജ്യത്തിനും ആവശ്യമെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആരുമായും സഹകരിക്കുമെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനോട് തത്വത്തില്‍ യോജിപ്പാണ്. അവരുമായി ആദ്യവട്ട ചര്‍ച്ച കഴിഞ്ഞുവെന്നും ഭട്ടതിരിപ്പാട് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: