ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി

ബെംഗളൂരു : ബിസിനസ് സംരംഭര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കി നല്‍കി ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനു വേണ്ടിയുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യ സമയത്തും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച സ്ഥലം ഇന്ത്യയായിരുന്നു. പുറത്തുനിന്നുള്ള നൂതന സാങ്കേതിക വിദ്യയെയും നിക്ഷേപങ്ങളെയും സ്വീകരിക്കാന്‍ ഇന്ത്യ മുന്‍പത്തെക്കാളധികം തയാറായിക്കഴിഞ്ഞതായും മോദി പറഞ്ഞു. ഇന്തോജര്‍മന്‍ ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിവുള്ള ഇന്ത്യയിലെ പുതിയ യുവാക്കള്‍ സംരംഭകരാകാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചര്‍ത്തു. കൂടുതല്‍ പണം കിട്ടുന്ന ജോലി തിരഞ്ഞെടുക്കാതെ സംരംഭകരാകാനാണ് ഇന്ത്യയിലെ പുതിയ തലമുറ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ നികുതി വ്യവസ്ഥ സുതാര്യമായിരിക്കുമെന്ന് ഉറപ്പു വരുത്താനാണ് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ ജിഎസ്ടി (ചരക്കുസേവന നികുതി) ബില്‍ അവതരിപ്പിച്ചു കഴിഞ്ഞു. 2016 ഓടെ ഇതു നിലവില്‍ വരുമെന്നാണ് കരുതുന്നതെന്നും മോദി പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Share this news

Leave a Reply

%d bloggers like this: