ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജപ്പാന്‍കാരനായ തകാകി കജീതയ്ക്കും കാനഡക്കാരനായ ആര്‍തര്‍ മക്‌ഡൊണാള്‍ഡിനും

സ്‌റ്റോക്‌ഹോം: ഭൗതികശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേല്‍ പുരസ്‌കാരം ജപ്പാന്‍കാരനായ തകാകി കജീതയ്ക്കും കാനഡക്കാരനായ ആര്‍തര്‍ മക്‌ഡൊണാള്‍ഡിനും. ന്യൂട്രിനോ കണങ്ങള്‍ക്കു പിണ്ഡമുണ്ടെന്ന കണ്ടെത്തലിലേക്കു നയിച്ച ഗവേഷണങ്ങളുടെ പേരിലാണു പുരസ്‌കാരം. ആണവപ്രവര്‍ത്തനത്തിനിടെ സൃഷ്ടിക്കപ്പെടുന്ന കുഞ്ഞന്‍ കണങ്ങളാണ് ന്യൂട്രിനോകള്‍. ചാര്‍ജില്ലാത്തതും പിണ്ഡം വളരെക്കുറവായതും പ്രകാശപ്രവേഗത്തിനടുത്തുള്ള വേഗതയില്‍ സഞ്ചരിക്കുന്നതുമായ ഒരു അടിസ്ഥാന കണികയാണ് ന്യൂട്രിനോ. ഫെര്‍മിയോണ്‍ കുടുംബത്തില്‍പ്പെട്ട ഒരു ലെപ്‌ടോണ്‍ ആണിത്. മൂന്നു തരത്തിലുള്ള ന്യൂട്രിനോകളാണുള്ളത്.

പ്രപഞ്ചത്തിലൂടെ പ്രകാശവേഗത്തില്‍ പായുന്ന ന്യൂട്രിനോകള്‍ ഒരു രൂപത്തില്‍ നിന്നു മറ്റൊരു രൂപത്തിലേക്കു രൂപാന്തരം പ്രാപിക്കുന്നു എന്ന കണ്ടെത്തലാണ് അവയ്ക്കു ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന കണ്ടെത്തലിനു വഴി തുറന്നത്. അന്തരീക്ഷത്തില്‍നിന്നു പിടിച്ചെടുത്ത ന്യൂട്രിനോകള്‍ ഓന്തിനെപ്പോലെ സ്വയം രൂപമാറ്റം വരുത്തുന്നു എന്ന് 1998ലാണ് കജീത കണ്ടെത്തിയത്. സൂര്യനില്‍നിന്നു പുറപ്പെടുന്ന ന്യൂട്രിനോകള്‍ക്കും ഇതേ സ്വഭാവമുണ്ടെന്ന മക്‌ഡൊണാള്‍ഡിന്റെ കണ്ടെത്തല്‍ മൂന്നു വര്‍ഷത്തിനു ശേഷമായിരുന്നു. ദ്രവ്യങ്ങളുടെ ആന്തരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ മനസിലാക്കാനും പ്രപഞ്ചത്തെ കൂടുതല്‍ അറിയാനും ഈ കണ്ടുപിടിത്തത്തിനു സാധിച്ചെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ചൂണ്ടിക്കാട്ടി.

മക്‌ഡൊണാള്‍ഡ് (72) കിങ്‌സ്റ്റണിലെ ക്വീന്‍ യൂണിവേഴ്‌സിറ്റിയില്‍ എമരിറ്റസ് പ്രഫസറാണ്. ടോക്കിയോ സര്‍വകലാശാലയിലെ കോസ്മിക് റേ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറാണ് അമ്പത്താറുകാരനായ കജീത. 2002 ല്‍ നൊബേല്‍ പുരസ്‌കാരം നേടിയ മസതോഷി കോഷിബയുടെ ശിഷ്യന്‍ കൂടിയാണ് അദ്ദേഹം.

Share this news

Leave a Reply

%d bloggers like this: