ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം, പാക്കിസ്ഥാനില്‍ 20 മരണം കൊച്ചിയിലും തുടര്‍ചലനം

 

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.43നു ശേഷമുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഒരു മിനിറ്റിലേറെ നീണ്ടുനിന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. എന്നാല്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ഭൗമപഠനകേന്ദ്രം അറിയിച്ചു.

ജമ്മുകാഷ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലും അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി പുറത്തിറങ്ങി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ജമ്മു കാഷ്മീരിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. ജമ്മുവിലെ ചിലയിടങ്ങളില്‍ റോഡുകളും തകര്‍ന്നു. കൊച്ചിയിലും തുടര്‍ചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയ്ക്കു ജാഗ്രത നിര്‍ദേശം നല്‍കി. കര, വ്യോമസേനകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭൂചലനത്തില്‍ പാക്കിസ്ഥാനില്‍ സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഇസ്‌ലാമാബാദിലും പെഷവാറിലും കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പാക്കിസ്ഥാനില്‍ അനുഭവപ്പെട്ടതെന്നാണ് പാക് ഭൗമ കേന്ദ്രം അറിയിച്ചത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആവശ്യമായ സഹായം ചെയ്യാന്‍ തയാറാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിട്ടുണ്ട്.

 

-എജെ-

Share this news

Leave a Reply

%d bloggers like this: