തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഏഴു ജില്ലകള്‍ വോട്ടെടുപ്പ് ആരംഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടം നടക്കുന്ന മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയാണ്. വോട്ടെണ്ണല്‍ ശനിയാഴ്ചയാണ്.

എല്ലായിടത്തും വിജയ പ്രതീക്ഷയാണെന്നും മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വോട്ടു ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പോളിങ് ശതമാനം കൂടുന്നത് യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. വമ്പിച്ച വിജയ സാധ്യതതയാണുള്ളതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയും പ്രതികരിച്ചു. ഭരണ വിരുദ്ധ വികാരമില്ലെന്നും ജനങ്ങള്‍ വികസനത്തിന് വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ തര്‍ക്കങ്ങളൊന്നും ഏശില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ കനത്ത മഴ, ദക്ഷിണ മേഖല നാവിക കമാന്‍ഡിനു സമീപം കടാരി ബാഗിലുള്ള കേന്ദ്രീയ വിദ്യാലയത്തിലെ ബൂത്തില്‍ ഒന്നരയടി പൊക്കത്തില്‍ വെള്ളം കയറിയതിനാല്‍ പോളിങ് തുടങ്ങാനായില്ല. ബൂത്ത് പ്ലാറ്റ്‌ഫോം ഇട്ട് ഉയര്‍ത്താനുള്ള ശ്രമം നടക്കുന്നു.

ആലപ്പുഴ ജില്ലയില്‍ നാലിടത്ത് യന്ത്രം പണിമുടക്കിയതു മൂലം വോട്ടിങ് വൈകി. കക്കാഴം, മുഹമ്മ, പത്തിയൂര്‍, ആറാട്ടുപുഴ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് തടസം നേരിട്ടത്.

രണ്ടാം ഘട്ടത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കു വന്‍ ഭൂരിപക്ഷമുണ്ട്– 86 ലക്ഷം സ്ത്രീകളും 53.8 ലക്ഷം പുരുഷന്മാരുമാണ് ഏഴു ജില്ലകളിലെ പട്ടികയിലുള്ളത്. ആകെ 44,388 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. വോട്ടെടുപ്പ് തീരുന്ന അഞ്ചു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ ലഭിക്കും. ടോക്കണ്‍ ലഭിക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാം.

എട്ടു തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ഡ്, പാസ്‌പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കിലെ ആറു മാസമെങ്കിലും മുമ്പുള്ള പാസ്ബുക്ക് (ഫോട്ടോ ഉള്ളത്), സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് അംഗീകൃത രേഖകള്‍.

Share this news

Leave a Reply

%d bloggers like this: