മലപ്പുറത്ത് 27 ബൂത്തുകളിലും തൃശൂര്‍ 6 ബൂത്തുകളിലും റീപോളിംഗ്

 

മലപ്പുറം: മലപ്പുറത്ത് 15 പഞ്ചായത്തുകളിലെ 27 ബൂത്തുകളില്‍ റീപോളിംഗ് നടക്കും. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ സ്ഥലങ്ങളിലാണു റീപോളിംഗ്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. നേരത്തെ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറോട് അതൃപ്തി അറിയിച്ചിരുന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ വിവരം അറിയിക്കാതിരുന്നതിനാണ് അതൃപ്തി അറിയിച്ചത്. കളക്ടര്‍ വിവരം അറിയിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍നിന്ന് കമ്മീഷന്‍ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

ജില്ലയില്‍ വിവിധ ബൂത്തുകളിലായി മുന്നൂറിലധികം വോട്ടിംഗ് യന്ത്രങ്ങളാണു തകരാറിലായത്. ഇത്രയധികം വോട്ടിംഗ് മെഷീനുകള്‍ തകരാറിലായത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു.

തൃശൂര്‍ ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ റീപോളിംഗ് നടക്കും. തിരുവില്വാമല, പഴയന്നൂര്‍, അരിമ്പൂര്‍, കാട്ടൂര്‍, കയ്പമംഗലം എന്നീ പഞ്ചായത്തുകളിലായി ആറു ബൂത്തുകളിലാണു റീപോളിംഗ് നടക്കുക. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതാണു കാരണം. അട്ടിമറി സാധ്യതയില്ലെന്നു കളക്ടര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: