പാരീസില്‍ വീണ്ടും വെടിയൊച്ചകള്‍; പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു, ഏഴുപേര്‍ അറസ്റ്റില്‍

പാരീസ്: ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പ് വടക്കന്‍ പാരീസിലെ ദേശീയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തില്‍ പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ഹമീദ് അബൗദി ഒളിവിലിരിക്കുന്നതായി സംശയിച്ച് ഇന്നു പുലര്‍ച്ചെ പോലീസ് നടത്തിയ തെരച്ചിലിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ ഒരു വനിതയും ഉണ്ട്. സുരക്ഷാ സൈനികര്‍ നടത്തിയ റെയ്ഡിനിടെ വനിതാ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരെന്ന് സംശയിക്കുന്ന ഏഴുപേരെ പൊലീസ് പിടികൂടി.

പാരീസിന്റെ വടക്കന്‍ പ്രദേശമായ സെന്റ് ഡെന്നീസിലാണ് വെടിവയ്പ്പുണ്ടായത്. വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്നു പോലീസും ശക്തമായി തിരിച്ചടിച്ചു. വെടിവെപ്പില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക നടപടി തുടരുകയാണ്.

പുലര്‍ച്ചെ 4.30ന് വടക്കന്‍ പാരിസിലെ നഗരപ്രാന്ത പ്രദേശമായ സെന്റ് ഡെനിസില്‍ പൊലീസ് റെയ്ഡ് നടത്തവെയാണ് വെടിവെപ്പുണ്ടായത്. വെള്ളിയാഴ്ച്ച ചാവേര്‍ ആക്രമണം നടന്ന സ്‌റ്റേയ്ഡ് ഡി ഫ്രാന്‍സിന്റെ സമീപ പ്രദേശമാണ് സെന്റ് ഡെനിസ്. 129 പേര്‍ കൊല്ലപ്പെട്ട വെള്ളിയാഴ്ച്ചത്തെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒമ്പതാമത്തെ ഭീകരനെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. വന്‍ സുരക്ഷാ സന്നാഹങ്ങളോടെ സുരക്ഷാ സൈന്യം സൈനിക നടപടി തുടരുന്നതിനിടെ ഫ്‌ലാറ്റിനുള്ളില്‍ വനിതാ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ ഫ്‌ലാറ്റില്‍ നിന്നും ഒരു സ്ത്രീയടക്കം ഏഴുപേരെ സുരക്ഷാ സൈന്യം പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

റെയ്ഡ് തുടങ്ങിയതോടെ ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പൊലീസുകാര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. പുതിയ ഭീകരാക്രമണമൊന്നും നടന്നിട്ടില്ലെന്നും സൈനിക നടപടി മാത്രമാണെന്നും പാരിസ് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്.

വെള്ളിയാഴ്ച്ച പാരിസിലെ പലസ്ഥലങ്ങളില്‍ ഒരേസമയം നടന്ന ചാവേര്‍ സ്‌ഫോടനത്തിലും ഭീകരര്‍ നടത്തിയ വെടിവെപ്പിലും 129 പേരാണ് കൊല്ലപ്പെട്ടത്. 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഇതില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒമ്പതാമനായുള്ള തിരിച്ചിലിനിടെയാണ് ഇന്ന് വീണ്ടും വെടിവെപ്പുണ്ടായത്.

അതിനിടെ പാരിസില്‍ വീണ്ടും വെടിവെപ്പുണ്ടായതിന്റെ പശ്ചാതലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബോംബ് ഭീഷണിയെ തുടര്‍ന്ന് ജര്‍മനിയിലെ ഹനോവറില്‍ ജര്‍മനിയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള സൗഹൃദ മത്സരം കിക്കോഫിന് തൊട്ടുമുമ്പ് റദ്ദാക്കി. സ്‌റ്റേഡിയം ഒഴിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഹനോവര്‍ റെയില്‍വെ സ്‌റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് യുഎസില്‍ നിന്നും പാരിസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: