റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടു; പൈലറ്റ് കൊല്ലപ്പെട്ടു; ഗൗരവമേറിയ വിഷയമെന്ന് റഷ്യ, പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്

അങ്കാറ: സിറിയന്‍ അതിര്‍ത്തിയില്‍ വച്ച് റഷ്യന്‍ സൈനിക വിമാനം തുര്‍ക്കി വെടിവെച്ചുവീഴ്ത്തി. വിമാനം വടക്കന്‍ സിറിയയില്‍ തകര്‍ന്നുവീണതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് വിമാനം വെടിവെച്ചിട്ടതെന്ന് തുര്‍ക്കി അറിയിച്ചു.

വ്യോമാതിര്‍ത്ത ലംഘിച്ചതിന് പൈലറ്റുമാര്‍ക്ക് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാത്തതിനാലാണ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചതെന്ന് തുര്‍ക്കി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ 10 തവണ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വെടിവച്ചതെന്നാണ് തുര്‍ക്കിയുടെ വിശദീകരണം. ലടാക്കിയ പ്രവിശ്യയിലെ മലനിരകളില്‍ യുദ്ധ വിമാനം കത്തിയമര്‍ന്ന് തകര്‍ന്ന് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടി. എന്നാല്‍ ഇവരെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല. എസ് യു 24 പോര്‍വിമാനം സിറിയയില്‍ തകര്‍ന്നുവീണതായും കരയില്‍ നിന്നുള്ള ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നും റഷ്യ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വിമാനം സിറിയയുടെ വ്യോമാതിര്‍ത്തിയിലായിരുന്നെന്നും ഒബ്ജക്ടീവ് മോണിറ്ററിങ് ഡാറ്റയില്‍ ഇത് വ്യക്തമാണെന്നും റഷ്യ അറിയിച്ചു.

അന്‍താക്കിയ മേഖലയില്‍ വെച്ച് പൈലറ്റുമാരില്‍ ഒരാളെ പിടികൂടിയതായി തുര്‍ക്ക്‌മെന്‍ വിമതസേന അവകാശപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈ പൈലറ്റ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പൈലറ്റിന്റേ ദൃശ്യങ്ങള്‍ അല്‍ജസീറ പുറത്തുവിട്ടിട്ടുണ്ട്. മറ്റൊരാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും തുര്‍ക്ക്‌മെന്‍ വംശജരുടെ വിമതസേന വ്യക്തമാക്കി.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സുരക്ഷക്കായി സിറിയയുടെ ആകാശ നിയന്ത്രണം സെപ്റ്റംബര്‍ അവസാനത്തോടെ റഷ്യ ഏറ്റെടുത്തിരുന്നു. റഷ്യന്‍ ഇടപെടലിന് പിന്നാലെ വിമാങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി നേരത്തെയും തുര്‍ക്കി പരാതിപ്പെട്ടിരുന്നു. നേരത്തെ സിറിയയുടെ യുദ്ധവിമാനവും തുര്‍ക്കി വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് റഷ്യ അവകാശപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷവും സൈനിക ഇടപെടലും പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

റഷ്യന്‍ യുദ്ധവിമാനം തകര്‍ത്തതിന് പിന്നാലെ നാറ്റോ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റഷ്യയുടെ തിരിച്ചടിയ്ക്കുള്ള സാധ്യത മുന്നില്‍കണ്ടാണ് നടപടി. പ്രശ്‌നം നാറ്റോയിലും യുഎന്നിന് മുമ്പാകെയും ഉന്നയിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹമദ് ദാവുദോഗ്ലുവിന്റെ ഓഫീസ് വ്യക്തമാക്കി. വിമാനം തകര്‍ന്നുവീണത് സിറിയയിലെ വിമത മേഖലയിലാണ്. സിറിയന്‍ വ്യോമാതിര്‍ത്തിയിലായിരുന്നു വിമാനമെന്നും റഷ്യ തറപ്പിച്ചു പറയുന്നുണ്ട്. ഇതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും വിമാനം തകര്‍ത്തത് ഗൗരവമേറിയ വിഷയമാണെന്നും പുടിന്റെ ഓഫീസ് ക്രെംലിന്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: