ദേവസ്വങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേത്രസ്വത്തുക്കള്‍ പങ്കിട്ടെടുക്കാന്‍ അവസരമുണ്ടാക്കുകയാണെന്ന് വെളളാപ്പള്ളി നടേശന്‍

തൃശൂര്‍: ഹിന്ദു വിശ്വാസികള്‍ക്കു പകരം ദേവസ്വങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേത്രസ്വത്തുക്കള്‍ പങ്കിട്ടെടുക്കാന്‍ അവസരമുണ്ടാക്കുകയാണെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയ്ക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാടാമ്പുഴ ക്ഷേത്രത്തിന്റെ വരുമാനം മുഴുവന്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപിക്കുന്നത്. ആ പണം മുഴുവന്‍ പങ്കിടുന്നത് ന്യൂനപക്ഷങ്ങളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുളള കോടികളുടെ വരുമാനം ബാങ്കിലിടുന്നതു കൊണ്ട് ഹിന്ദുക്കള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോ? ക്ഷേത്രത്തില്‍ വരുമാനമുണ്ടാക്കുന്നത് ഹിന്ദുക്കളാണ്. എന്നാല്‍ ഹിന്ദുക്കളുടെ സമ്പത്ത് കൊണ്ടുപോകുന്നത് ന്യൂനപക്ഷങ്ങളും. ഒന്നിനും കൊള്ളാത്തവരെയാണ് ദേവസ്വങ്ങളില്‍ നിയമിക്കുന്നത്. ക്ഷേത്രങ്ങളെയെല്ലാം ഭരിച്ച് അവര്‍ മുടിപ്പിച്ചു. ഏതെങ്കിലും ന്യൂനപക്ഷ ആരാധനാലയങ്ങള്‍ ഭരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ? അതിന്റെയെല്ലാം ഭരണാവകാശം അവര്‍ക്കുമാത്രമാണ്. ഇങ്ങനെ പറയുമ്പോഴാണ് ജാതിയും മതവും പറയുന്നു എന്ന് ആരോപിക്കുന്നത്. വിവേചനം കാണിക്കുമ്പോള്‍ ഇതൊന്നും പറയാതിരിക്കാനാവില്ല. ഭൂനയബില്ലിലൂടെ ക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. പളളികള്‍ക്കൊന്നും സംഭവിച്ചില്ല. ക്ഷേത്രങ്ങളിലെ നിത്യനിദാനച്ചെലവുകള്‍ പോലും കണ്ടെത്താന്‍ കഴിയാതെയായി. ഇതെല്ലാം തിരിച്ചറിയുന്ന ഹിന്ദുക്കള്‍ ഒന്നിക്കുകയാണ്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ സമത്വമുന്നേറ്റ യാത്രയെ ആശീര്‍വദിക്കാനെത്തി. എല്ലാ വിഭാഗങ്ങളും യാത്രയെ പിന്തുണയ്ക്കുകയാണ്.

മുസ്‌ളീം, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും പുരോഹിതര്‍ക്ക് പെന്‍ഷനുമെല്ലാം കൊടുക്കുന്നു. എന്നാല്‍ പിന്നാക്കക്കാരുടെ കുട്ടികള്‍ക്ക് ചില്ലറക്കാശും ക്ഷേത്രത്തിലെ പുരോഹിതര്‍ക്ക് വട്ടപ്പൂജ്യവും തെറിയും. നമ്മുടെ സന്യാസശ്രേഷ്ഠര്‍ പഠിപ്പിച്ചു തന്ന ധാര്‍മികത കൊണ്ടാണ് നമ്മള്‍ ഇതേ വരെ വാളെടുക്കാതിരുന്നതും നക്‌സലൈറ്റാവാതിരുന്നതും. രാഷ്ട്രീയ തമ്പുരാക്കന്‍മാരുടെ അടിയാളരായി നമ്മള്‍ നിന്നുകൊടുത്തു. എഴുപതു ശതമാനം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൊടുത്തപ്പോള്‍ ഭൂരിപക്ഷ സമുദായത്തിന് വെറും 30 ശതമാനമായിരുന്നു കിട്ടിയത്. ക്രിസ്ത്യന്‍ സമുദായത്തിന് 4193 എയ്ഡഡ് സ്‌കൂളുകള്‍ കിട്ടിയപ്പോള്‍ ഈഴവര്‍ക്ക് കിട്ടിയത് 363 സ്‌കൂളുകളായിരുന്നു. റവന്യൂഭൂമി ക്രിസ്ത്യന്‍ സമുദായത്തിന് 8216 ഏക്കര്‍ പതിച്ചുകൊടുത്തപ്പോള്‍ ഈഴവന് കിട്ടിയത് 30 ഏക്കര്‍ മാത്രം. ദാരിദ്ര്യവും മതപരിവര്‍ത്തനവും കാരണം 65 ശതമാനം ഹിന്ദുക്കള്‍ 2010ല്‍ 55 ശതമാനമായി കുറഞ്ഞു. ഭൂമിയില്ലാത്ത 22 ലക്ഷം പേരില്‍ 99 ശതമാനവും ഹിന്ദുക്കളാണ്. ക്രിസ്ത്യാനികള്‍ ഒന്‍പതും മുസ്‌ളീങ്ങള്‍ 12 ശതമാനമാണെന്നും ഓര്‍ക്കണം. ചെട്ടിയില്ലാത്ത ചെട്ടിയങ്ങാടിയും നായരില്ലാത്ത നായരങ്ങാടിയും പോലെ നമ്മുടെ നാട് മാറിയെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: