മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം നിര്‍മ്മിക്കുകയാണ് ഏക പരിഹാരം; മുഖ്യമന്ത്രി

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള ഏക പരിഹാരം പുതിയ ഡാം നിര്‍മ്മിക്കുക എന്നതുമാത്രമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്‌നാടുമായുള്ള ബന്ധത്തിനു യാതൊരു ഉലച്ചിലും സംഭവിക്കാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും നല്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്. ഈ നിലപാട് പ്രാവര്‍ത്തികമാക്കാന്‍ തമിഴ്‌നാടും സഹകരിക്കണം. ലോകത്തെവിടെ പോയാലും വെള്ളത്തിന്റെ പേരിലും വെള്ളത്തിന്റെ അളവിന്റെ പേരിലുമാണ് പ്രശ്‌നങ്ങളെല്ലാം നടക്കുന്നത്. എന്നാല്‍ ഇവിടെ അത്തരത്തിലൊരു സാഹചര്യമില്ലെന്നും പഴക്കമേറിയ അണക്കെട്ടിന്റെ സുരക്ഷയില്‍ മാത്രമാണ് കേരളത്തിന് ആശങ്കയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട്ടുലുണ്ടായ കനത്ത മഴ മുല്ലപ്പെരിയാറില്‍ ഉണ്ടായാല്‍ ഡാമിനു അത് താങ്ങാനാവില്ലെന്നും അതിനാല്‍ പുതിയ ഡാം നിര്‍മ്മിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്രവും തമിഴ്‌നാട് സര്‍ക്കാരുമായി കേരളം ചര്‍ച്ച നടത്താനിരിക്കുകയാണ്. കേരളത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന വേളയിലും മുല്ലപ്പെരിയാര്‍ വിഷയം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിയായി നിജപ്പെടുത്തുമെന്ന തമിഴ്‌നാടിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല. തേനി, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ജലനിരപ്പ് 141 ലേക്ക് താഴ്ത്തമെന്ന ധാരണയിലെത്തിയിരുന്നു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.7 അടിയായി തുടരുകയാണ്.

ഡി

Share this news

Leave a Reply

%d bloggers like this: