ജാമ്യം തേടില്ലെന്ന് രാഹുല്‍ ഗാന്ധി,നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജയിലില്‍ അടയ്ക്കുകയാണെങ്കില്‍ അതിന് തയ്യാറാണെന്ന് അറിയിക്കും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യം തേടില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ പ്രേരിതമായ കേസില്‍ തന്നെ ജയിലില്‍ അടയ്ക്കുകയാണെങ്കില്‍ അതിന് തയ്യാറാണെന്ന് അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ കേസില്‍ ആരോപിതരായ സോണിയാ ഗാന്ധി, മോട്ടിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് തുടങ്ങി മറ്റ് നേതാക്കള്‍ ജാമ്യാപേക്ഷ നല്‍കും. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേസ് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി പരിഗണിച്ചപ്പോള്‍ സോണിയയും രാഹുലും ഹാജരായിരുന്നില്ല. തുടര്‍ന്ന് കേസ് 19ലേക്ക് മാറ്റിവെക്കുകയായിരുന്നു. മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചതിനെ തുടര്‍ന്ന് കേസ് നീട്ടിവെക്കുകയായിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യം സ്വാമി നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആരോപണം.

Share this news

Leave a Reply

%d bloggers like this: