അരുണ്‍ ജെയ്റ്റ്‌ലിക്ക് എതിരെ അഴിമതി ആരോപണവുമായി എഎപി

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ടില്‍ ജെയ്റ്റ്‌ലി തിരിമറി നടത്തിയെന്ന് എഎപി

ഡിഡിസിഎയിലെ വെട്ടിപ്പുകളെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതിനാലാണ് ഡല്‍ഹി സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തിയതെന്നും എഎപി ആരോപിച്ചു. അന്വേഷണം നടന്നാല്‍ ജെയ്റ്റ്‌ലിയുടെ അഴിമതികള്‍ പുറത്ത് വരും. ഇത് തടയാനാണ് റെയ്ഡ് നടത്തിയത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ റെയ്ഡ് നടത്തി അദ്ദേഹത്തിന്റെ ഡയറി പോലും എടുത്തു കൊണ്ടു പോയെന്നും എഎപി ആരോപിച്ചു. 1999 മുതല്‍ 2013 വരെയുള്ള കാലത്താണ് ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ടില്‍ വെട്ടിപ്പ് നടത്തിയത്. വ്യാജകമ്പനികള്‍ രൂപീകരിച്ചായിരുന്നു വെട്ടിപ്പെന്നും എഎപി നേതാവ് കുമാര്‍ ബിശ്വാസ് ആരോപിച്ചു.

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ 57 കോടി വെട്ടിച്ചെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു. 24 കോടി രൂപയ്ക്ക് നിര്‍മ്മാണം നടത്താനായിരുന്നു ഡിഡിസിഎയുടെ പദ്ധതി. എന്നാല്‍ ആകെ ചെലവായത് 114 കോടി രൂപയാണ്. സ്‌റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണ ചുമതല വഹിച്ച പൊതുമേഖലാ സ്ഥാപനമായ എന്‍ജിനീയറിംഗ് പ്രോജക്ട്‌സ് ഇന്ത്യയ്ക്ക് നല്‍കിയത് 57 കോടി മാത്രമാണ്. ബാക്കി 57 കോടി എവിടെ പോയെന്നും ഛദ്ദ ചോദിച്ചു.

കൂടാതെ മൂന്ന് കമ്പനികള്‍ക്കായി ഒരു കോടി 55 ലക്ഷം രൂപ ഡിഡിസിഎ ഗ്രാന്റ് അനുവദിച്ചു. എന്നാല്‍ ഗ്രാന്റ് നല്‍കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഇത് വിശ്വാസവഞ്ചനയും വെട്ടിപ്പുമാണെന്ന് ഡിഡിസിഎയുടെ കമ്മറ്റി കണ്ടെത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് കമ്പനികള്‍ക്ക് ലക്ഷങ്ങളാണ് ഡിഡിസിഎ നല്‍കിയത്. ഈ കമ്പനികളുടെ വിലാസം, ഡയറക്ടര്‍മാരുടെ പേരുകള്‍, ഇമെയില്‍ വിലാസം, ഓഹരിയുടമകള്‍ എല്ലാം ഒന്ന് തന്നെയാണ്. ഒരു കമ്പനി പൂര്‍ത്തിയാക്കിയ ജോലിയ്ക്ക് മറ്റ് രണ്ട് കമ്പനികള്‍ക്കും പണം നല്‍കിയിരുന്നായും എഎപി ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: