ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂകമ്പം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂകമ്പം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ആറ് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലര്‍ച്ചെ 4.37 നാണ് അനുഭവപ്പെട്ടത്. അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഒരു മിനിട്ടോളം ഭൂകമ്പം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്.

ഇംഫാലിന് 29 കിലോമീറ്റര്‍ പടിഞ്ഞാറ് 57 കിലോമീറ്റര്‍ അടിയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു.

ഇംഫാലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി പൊലീസും ദുരന്ത നിവാരണ സേനയും അറിയിച്ചു.ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ എത്രയും വേഗം എത്തിച്ചേരാന്‍ ദേശീയ ദുരന്ത നിവാരണ സേനക്ക് നിര്‍ദേശം നല്‍കിയതായിയും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ മ്യാന്‍മര്‍,ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: