ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ദൈവത്തിന്റെ സമ്മാനങ്ങളെന്ന് മാര്‍പാപ്പ, വിവേകത്തോടെ ഉപയോഗിക്കണം

വത്തിക്കാന്‍ സിറ്റി: ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ടെക്സ്റ്റ് മെസ്സേജുകളും ദൈവത്തിന്റെ സമ്മാനങ്ങളാണ്. അവയെ വിവേകത്തോടെ ഉപയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇവയെല്ലാം മനുഷ്യന്റെ ആശയവിനിമയത്തെ പൂര്‍ണരൂപത്തിലെത്തിക്കാന്‍ ഉതകുന്നവയാണെന്നും പോപ്പ് പറഞ്ഞു. റോമന്‍ കത്തോലിക്കാ പള്ളിയുടെ വേള്‍ഡ് ഡേ ഓഫ് കമ്മ്യൂണിക്കേഷന്‍സ് എന്ന പരിപാടിയിലാണ് പോപ്പ് ഈ സന്ദേശം നല്‍കിയത്.

ബന്ധങ്ങളെ ഊഷ്മളമാക്കാനും നല്ല സമൂഹത്തെ പ്രോത്സാഹിപ്പിക്കാനും സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കഴിയും. വ്യക്തികള്‍ തമ്മിലും ഗ്രൂപ്പുകള്‍ തമ്മിലുമുള്ള അകലത്തെ ഇല്ലാതാക്കാന്‍ ഇവ സഹായിക്കുമെന്നും പോപ്പ് പറഞ്ഞു. ആധുനി ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ ദൈവത്തിന്റെ സമ്മാനങ്ങളാണ്. വര്‍ദ്ധിച്ച ഉത്തരവാദിത്തത്തോടെ അവയെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന മാധ്യമങ്ങളല്ല, ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്ന മനുഷ്യ ഹൃദയങ്ങളാണ് പ്രധാനം. അവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടെക്‌നോളജി മേഖലയില്‍ താന്‍ ഒരു ദുരന്തമാണെന്ന് മാര്‍പാപ്പ ഒരു പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. കുടുംബങ്ങള്‍ ഒത്തൊരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന സമയത്ത് സ്മാര്‍ട്ട്‌ഫോണിനെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുട്ടികളുടെ മുറിയില്‍ കമ്പ്യൂട്ടര്‍ വെണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: