സിക്ക വൈറസ് പടരുന്നു, ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: ലോകത്തെ ഭീതിയിലാഴ്ത്തി സിക്കാ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ സിക്കാ വൈറസ് കാണപ്പെട്ട സാഹചര്യത്തിലാണ് നടപടി. സിക്കാവൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം വൈറസിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളുടെ സംയോജിത നീക്കം വേണമെന്ന നിലപാടും ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചു.

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി സിക്ക വൈറസ് നാശം വിതക്കുന്ന സാഹചര്യത്തില്‍ കൂട്ടായ നീക്കമാണ് ആവശ്യമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ വിലിയിരുത്തി. എബോള വൈറസ് ബാധ പടര്‍ന്നുപിടിച്ചപ്പോഴുണ്ടായ അതേ ആശങ്കയാണ് സിക്കയുടെ കാര്യത്തിലുമുള്ളത്. എബോളയെ ആഗോള അടിയന്തരവാസ്ഥയായി പ്രഖ്യാപിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ലോകാരോഗ്യ സംഘടന രൂക്ഷമായ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പ്രതിരോധ മരുന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൊതുക് വഴിയാണ് രോഗം പടരുന്നത്. അതിനാല്‍ കൊതുകു നിര്‍മാര്‍ജന പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളില്‍ വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

നവജാതശിശുക്കളില്‍ മൈക്രോസെഫാലി എന്ന അവസ്ഥയ്ക്കിടയാക്കുന്നു എന്നതാണ് സിക്ക വൈറസിനെ ഏറ്റവും അപകടകാരിയാക്കുന്നത്. ചെറിയ തലയോട്ടിയും മസ്തിഷ്‌കവുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്ന അവസ്ഥയാണിത്. ബ്രസീലില്‍ മാത്രം 4000ത്തോളം കുഞ്ഞുങ്ങളാണ് ഈ രോഗാവസ്ഥയുമായി ജനിച്ചുവീണത്. സിക്ക പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലും ജാഗ്രതാനിര്‍ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: