മന്ത്രിമാര്‍ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിനുമെതിരെ കോഴ ആരോപണവുമായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ്. കെപിസിസി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തലയ്ക്കു രണ്ടു കോടി രൂപയും വി.എസ്. ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബിജു ആരോപിച്ചു.

ബാറുകള്‍ തുറക്കാന്‍ ചെന്നിത്തല രണ്ടു കോടി രൂപ നേരിട്ടു കൈപ്പറ്റിയെന്നാണു ബിജുവിന്റെ ആരോപണം. ശിവകുമാറിനു വേണ്ടി പേഴ്‌സണല്‍ സ്റ്റാഫംഗം വാസുവാണ് തുക കൈപ്പറ്റിയതെന്നും ബിജു അഭിമുഖത്തില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണു ശിവകുമാര്‍ 25 ലക്ഷം വാങ്ങിയത്. പണം കൊടുത്തതിനു രസീതോ രേഖകളോ നല്‍കിയിട്ടില്ല. കെപിസിസിക്കു പണം നല്‍കിയതു ബാറുകള്‍ തുറക്കാന്‍ വേണ്ടിയാണ്. കെപിസിസിയില്‍ നിന്നു പണം ആവശ്യപ്പെട്ടാല്‍ കൊടുക്കാതിരിക്കാനാകില്ല. ഇഷ്ടമുണ്ടായിട്ടല്ല, ഭയം കൊണ്ടാണു രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കുന്നതെന്നും ബിജു പറഞ്ഞു.

എന്നാല്‍ തനിക്കെതിരായ ബിജു രമേശിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. ഒന്‍പതു വര്‍ഷത്തോളം കെപിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. പൊതുജനങ്ങളില്‍ നിന്നു സംഭാവന സ്വീകരിച്ചാണു കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: