അക്ഷര ജ്ഞാനിക്ക് വിട…

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായി ഒഎന്‍വിയ്ക്ക് വിട… കവിതാ ശകലമായും ഗാനമായും ഇനി ഒഎന്‍വിയുടെ വരികള്‍ മാത്രം നമുക്ക് ബാക്കിയായി. തോന്ന്യാക്ഷരങ്ങളിലൂടെ മലയാളിയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അക്ഷര ലോകത്തിന്‌റെ സാംസ്‌കാരിക മണ്ഡലത്തിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു ഒഎന്‍വി. കുട്ട്യേടത്തിയായും, ഒമ്പത് കല്‍പണിക്കാരുടെ അമ്മയുടെ സ്‌നേഹത്തിലൂടെയും ഭൂമിയ്‌ക്കൊരു ചരമ ഗീതത്തിലൂടെയും ഒഎന്‍വി കവിതകള്‍ സാധാരണക്കാരന്റെ നാവിലെ ഈരടികളായി നിറഞ്ഞ് നിന്നു. കവിത അതിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ചപ്പോഴും മലയാളിയുടെ നാവിന്‍ തുമ്പില്‍ നിന്ന് ഇപ്പോഴും മലയാളത്തിന്റെ മധുരം രുചിക്കുന്ന നിലവാരമുള്ള വരികളായി ഉതിരാന്‍ ഒഎന്‍വിയുടെ കവിതകള്‍ക്ക് സാധിച്ചെന്നതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ജനകീയ മുഖം.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. തുടര്‍ന്ന് വൈകാരികമായും ലളിമായും ഒഎന്‍വി കവിത പറഞ്ഞപ്പോള്‍ അത് സാധാരണക്കാരിലേക്ക് ഇറങ്ങിചെന്നു. ഗ്രാമീണതയുടെ നിഷ്‌കളങ്കതയും ലാളിത്യവും കവിതകളിലൂടെ പ്രകടമായപ്പോള്‍ അത് മലയാളിയുടെ തന്നെ ഹൃദയ ഭൂപടങ്ങളിലൂടെയുള്ള യാത്രയുമായി മാറി. ഇടത് ചിന്തകളോട് അടുത്ത് നിന്ന ഒഎന്‍വി മലയാള സിനിമാ ഗാനരംഗത്തും പുതിയ ഭാവുകത്വം സൃഷ്ടിക്കുകയായിരുന്നു ചെയ്തത്.

കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. . ഈ ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയമകനാണ് ഒ.എന്‍.വി. എട്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പരമേശ്വരന്‍ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നല്‍കിയത്. അങ്ങനെ അച്ഛന്റെ ഇന്‍ഷ്യലും മുത്തച്ഛന്റെ പേരും ചേര്‍ന്ന് പരമേശ്വരന്‍ എന്ന അപ്പു സ്‌കൂളില്‍ ഒ.എന്‍.വേലുക്കുറുപ്പും സഹൃദയര്‍ക്ക് പ്രിയങ്കരനായ ഒ.എന്‍.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്‌കൂളില്‍ തുടര്‍ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒ.എന്‍.വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. 1952ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാ!ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.

1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. കുട്ടികളുടെ ദൈ്വവാരികയായ തത്തമ്മയുടെ പത്രാധിപരും ആയി പ്രവര്‍ത്തിച്ചിരുന്നു. 84 വയസായിരുന്നു അന്തരിക്കുമ്പോള്‍. ആദ്യം ബാലമുരളി എന്ന പേരില്‍ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പന്‍ എന്ന ചലച്ചിത്രം മുതലാണ് ഒ.എന്‍.വി എന്ന പേരില്‍ത്തന്നെ ഗാനങ്ങള്‍ എഴുതിയത്. വില മതിക്കാനാവത്ത കൈയ്യൊപ്പുകള്‍ മലയാള സിനിമയ്ക്കും അദ്ദേഹം നല്‍കിയിട്ടുണ്ട്. 1955ല്‍ പുറത്തിറങ്ങിയ കാലം മറന്ന് പോയി എന്ന ചിത്രത്തിലൂടെയാണ് ഗാന രചയിതാവായി ഒഎന്‍വി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നാണ് കളിയാട്ടം, പുത്രി, കരുണ, കറുത്ത രാത്രികള്‍ എന്നീ ചിത്രങ്ങളിലൂടെ ഒട്ടേറെ ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കി. 1989ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിലെ ഗാന രചനയ്ക്ക് മികച്ച ഗാനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് 2010ല്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു . ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കന്‍ യൂറോപ്പ് , യുഗോസ്‌ളോവ്യ , സോവിയറ്റ് യൂണിയന്‍, അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍ മാസിഡോണിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നീ വിദേശ രാജ്യങ്ങളില്‍ ഒ.എന്‍.വി. സന്ദര്‍ശനം നടത്തി . പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിഞ്ഞ മലയാളിയുടെ ഇടത് കാല്‍പനിക്കൊപ്പവും ദേവരാജന്‍ സലില്‍ ചൗധരി തുടങ്ങിയ സംഗീത സംവിധായര്‍ക്കൊപ്പവും പ്രിയപ്പെട്ട ഗാന രചയിതാവായി. ആരെയും ഭാവ ഗായകനാക്കുന്ന ആത്മ സംഗീതമായിരുന്നു ഒഎന്‍വിയുടെ എഴുത്ത്. ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ അത് മലയാളിയെ തൊട്ടുണര്‍ത്തുകയും ഭാവദീപ്തിയുടെ നിളയിലേക്ക് നീരാടുവാനായി വിളിക്കുകയും ചെയ്തു.

-എസ്-

Share this news

Leave a Reply

%d bloggers like this: