യുഎസ് സുപ്രീംകോടതിയില്‍ ഇന്ത്യന്‍ വംശജന്‍ ജഡ്ജിയാവാന്‍ സാധ്യത

വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി ഇന്ത്യന്‍ വംശജന്‍ ശ്രീകാന്ത് ശ്രീനിവാസനെ പ്രസിഡന്റ് ഒബാമ നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് അഭ്യൂഹം. സുപ്രീം കോടതി ജഡ്ജി ആന്റണി സ്‌കലിയയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് ശ്രീനിവാസന്റെ പേരു പരിഗണിക്കുന്നതെന്നാണു വാര്‍ത്ത.

ചാണ്ഡിഗഡ് സ്വദേശി ശ്രീകാന്ത് ശ്രീനിവാസന്‍ (48) യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സര്‍ക്യൂട്ടിലെ ജഡ്ജിയാണ്. റിപ്പബ്ലിക്കന്‍ നേതാക്കളായ ടെഡ് ക്രൂസിന്റെയും മാര്‍ക്കോ റൂബിയോയുടെയും പിന്തുണയോടെയാണു ശ്രീനിവാസനെ ഫെഡറല്‍ ജഡ്ജിയായി നിയമിച്ചത്. ഒബാമയുടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിറ്റര്‍ ജനറലായും, ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് അസിസ്റ്റന്റ് സോളിറ്റര്‍ ജനറലായും ശ്രീനിവാസന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1960ലാണ് ഇദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലെത്തിയത്. 2013 മുതല്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ കോടതിയുടെ ജഡ്ജിയാണ് ശ്രീനിവാസന്‍. നായാട്ടിനായി പുറപ്പെട്ട സുപ്രീം കോടതി ജഡ്ജി ആന്റണി സ്‌കലിയ (79) ടെക്‌സാസിലെ റിസോര്‍ട്ടില്‍ വച്ചാണ് കഴിഞ്ഞദിവസം മരിച്ചത്. സ്വാഭാവിക കാരണങ്ങളാലാണു മരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.കത്തോലിക്കാ മതവിശ്വാസിയായ സ്‌കലിയ മരണത്തിനു മുമ്പ് ഒരു ഇടവക വൈദികനില്‍നിന്ന് അന്ത്യകൂദാശ സ്വീകരിച്ചെന്ന് എല്‍പാസോ രൂപതയുടെ വക്താവ് എലിസബത്ത് ഒഹാര പറഞ്ഞു.

സ്‌കലിയയുടെ പിന്‍ഗാമിയെ നോമിനേറ്റു ചെയ്യുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നു പ്രസിഡന്റ് ഒബാമ വ്യക്തമാക്കി. എന്നാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പു കഴിയുന്നതുവരെ നോമിനേഷന്‍ നീട്ടിവയ്ക്കണമെന്ന് സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടു. സെനറ്റിന്റെ സ്ഥിരീകരണം ആവശ്യമായതിനാല്‍ ജഡ്ഡി നിയമനം ഏറെ സങ്കീര്‍ണമാവുമെന്നു തീര്‍ച്ചയാണ്. യാഥാസ്ഥിതികനായ സ്‌കലിയായുടെ നിര്യാണത്തോടെ സുപ്രീംകോടതിയില്‍ ഇനി എട്ടുപേരാണുള്ളത്.

ഇവരില്‍ നാലുപേര്‍ യാഥാ സ്ഥിതികരും നാലുപേര്‍ ലിബറലുകളുമാണ്. പുതുതായി നിയമിതനാവുന്ന ജഡ്ജി യാഥാസ്ഥിതികനാണോ ലിബറല്‍ ചിന്താഗതിക്കാരനാണോ എന്നതിനു നിയമപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുണ്ട്.

Share this news

Leave a Reply

%d bloggers like this: