കനയ്യ കുമാറിനു ജാമ്യമില്ല

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനു ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജാമ്യത്തിനായി കനയ്യ കുമാറിനു ഹൈക്കോടതിയെ സമീപിക്കാമെന്നും നേരിട്ട് കേസ് പരിഗണിക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ജെ.ചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പട്യാല ഹൗസ് കോടതിയിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തെ എല്ലാ കോടതികളും സുരക്ഷിതമല്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ ഹര്‍ജിക്കാരന്‍ സമീപിക്കട്ടെ എന്നും സുപ്രീം കോടതി പ്രതികരിച്ചു.

നേരിട്ട് ജാമ്യം നല്‍കുന്നതിനെ കേന്ദ്ര സര്‍ക്കാരും ശക്തമായി എതിര്‍ത്തു. പട്യാല ഹൗസ് കോടതിയിലെ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാണിച്ച് കനയ്യ കുമാറിനെതിരായ കേസിന്റെ ഗൗരവം ചോര്‍ത്തികളയരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.

തനിക്കെതിരേ ഡല്‍ഹി പോലീസ് ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നും കേസില്‍ അന്തിമ വിധി വരുന്നതുവരെ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് കനയ്യ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കനയ്യ കുമാര്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും.

Share this news

Leave a Reply

%d bloggers like this: