മുഖ്യമന്ത്രി ആരാകുമെന്നു തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു അടുത്തതോടെ മുഖ്യമന്ത്രിയായി ആരെ ഉയര്‍ത്തിക്കാട്ടുമെന്ന് യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി. ആരെയും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടില്ലെന്നും കൂട്ടായ പരിശ്രമം നടത്തുകയും തെരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് ഹൈക്കമാന്‍ഡ് തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിതന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്ന എ ഗ്രൂപ്പ് നിലപാടിനു ഹൈക്കമാന്‍ഡ് തീരുമാനം തിരിച്ചടിയായി.

പ്രചാരണത്തിനു കൂട്ടായ നേതൃത്വം മതിയെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്നും തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തീരുമാനിക്കുമെന്നും പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ നിലവിലുള്ള മുഖ്യമന്ത്രിയെത്തന്നെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന രീതി ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്. ആസമില്‍ തരുണ്‍ ഗൊഗോയ്, ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് എന്നിവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി ഇങ്ങനെ നിശ്ചയിച്ചിരുന്നു. ഇതേ മാതൃകയില്‍ കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.

ഹൈക്കമാന്‍ഡ് അംഗീകാരമില്ലാതെയാണ് ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്താന്‍ എ ഗ്രൂപ്പ് ശ്രമിക്കുന്നത്. അടുത്തയാഴ്ച ഡല്‍ഹിയില്‍ എത്താന്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ കൂട്ടായ നേതൃത്വമെന്ന നിര്‍ദേശമാകും ഹൈക്കമാന്‍ഡ് നല്‍കുക. ആന്റണിയും ഈ സൂചനയാണു നല്‍കുന്നത്. ഹൈക്കമാന്‍ഡിന്റെ ഈ തീരുമാനമാകും കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിക്കു ഗുണകരമെന്നാണ് വിലയിരുത്തല്‍.

കൂട്ടായ നേതൃത്വമെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നതു പാര്‍ട്ടിയിലെ ഐക്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഒപ്പം, ഉമ്മന്‍ ചാണ്ടിയുടെ പേരു മാത്രം പ്രഖ്യാപിച്ചാല്‍ അഴിമതി കേസുകള്‍ പ്രചാരണ വിഷയമാകാനും ഗ്രൂപ്പുകള്‍ തലപൊക്കാനും കാരണമാകുമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. മുഖ്യമന്ത്രി ആരാകുമെന്ന കാര്യം തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്നു ഹൈക്കമാന്‍ഡ് പറയുന്നതോടെ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചയും ഏതാണ്ട് അവസാനിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: