ജാട്ട് സംവരണ പ്രക്ഷോഭം; പോലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

 

ചണ്ഡിഗഡ്: ഹരിയാനയിലെ റോഹ്തക്കില്‍ ജാട്ട് വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനുനേര്‍ക്ക് ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ജാട്ട് സമുദായത്തെ ഒബിസി വിഭാഗത്തില്‍പ്പെടുത്തുക, ക്വോട്ടയില്‍ വര്‍ധനവരുത്തുക, സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സംവരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാട്ട് സമുദായക്കാര്‍ സമരം നടത്തുന്നത്. പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കാനും തീയിടാനും ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് വെടിവയ്പുണ്ടായത്. പ്രതിഷേധക്കാര്‍ ഒരു പോലീസ് ജീപ്പ് കത്തിക്കുകയും രണ്ടു ജീപ്പുകള്‍ തകര്‍ക്കുകയും ചെയ്തു.

അതേസമയം, പ്രതിഷേധം ശക്തി പ്രാപിച്ചതോടെ റോഹ്തക് ജില്ലയില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്്ട്. സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധക്കാര്‍ സന്ദേശങ്ങള്‍ കൈമാറി ഒത്തുചേരുന്നതു തടയാനാണു സര്‍ക്കാര്‍ നീക്കം. റോഹ്തക്, ജജാര്‍ ജില്ലകളില്‍ ജനജീവിതം തടസപ്പെട്ടു. ആറു ദിവസമായി തുടരുന്ന സമരത്തെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ തുടരുകയാണ്. 21 വരെ റോഹ്തക്കില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രമസമാധാനം നിലനിര്‍ത്താന്‍ പോലീസ് കനത്ത സുരക്ഷയാണ് പ്രശ്‌നബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വെള്ളിയാഴ്ച വൈകുന്നേരം സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സംവരണം അനുവദിക്കുന്ന ബില്‍ പാസാക്കാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്ന് സമര നേതാക്കള്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: