ജമ്മുവില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. കരസേനാ ക്യാപ്റ്റന്‍ പവന്‍ കുമാറാണ് ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നു മുതല്‍ അഞ്ചുവരെ ഭീകരരാണ് സംഘത്തിലുള്ളതെന്നാണ് സൂചന.

ശനിയാഴ്ച വൈകിട്ട് പാംപോറില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ സിആര്‍പിഎസ് വാഹനത്തിനുനേരെയുണ്്ടായ ഭീകരാക്രമണത്തില്‍ മൂന്നു ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. 144 ബറ്റാലിയനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളും 79 ബറ്റാലിയനിലെ കോണ്‍സ്റ്റബിളുമാണ് മരിച്ചത്. ആക്രമണത്തില്‍ ഒരു ഗ്രാമവാസിക്കും 11 സൈനികര്‍ക്കും പരിക്കേറ്റിരുന്നു.

ഇതിനുശേഷം വ്യവസായ വികസന പരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരത്തിലേക്കു ഭീകരര്‍ നുഴഞ്ഞുകയറുകയും ചെയ്തു. ജീവനക്കാരെയും വിദ്യാര്‍ഥികളെയും ബന്ദികളാക്കാനുള്ള ശ്രമം സിആര്‍പിഎഫും ജമ്മു കാഷ്മീര്‍ പോലീസും ചേര്‍ന്നു പരാജയപ്പെടുത്തി. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന നൂറിലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നു ജമ്മു- കാഷ്മീര്‍ ഡിജിപി കെ.രാജേന്ദ്ര അറിയിച്ചു.

അതേസമയം, തങ്ങളോടു ഒഴിഞ്ഞുപോകാന്‍ ഭീകരര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു പുറത്തെത്തിയ ഒരാള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: