ഇന്ത്യക്കാരിയായ പ്രഭ കുമാര്‍ സിഡ്‌നി പാര്‍ക്കില്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകുന്നു; അന്വേഷണം എങ്ങുമെത്തിയില്ല

സിഡ്‌നി: ഒരു വര്‍ഷം മുന്‍പാണ് സിഡ്‌നി പാര്‍ക്കില്‍ പ്രഭ കുമാര്‍ എന്ന ഐടി ജീവനക്കാരി കുത്തേറ്റുമരിച്ചത്. സംഭവത്തില്‍ ഇന്ത്യയില്‍ നിന്നു തന്നെയുള്ള ആരോ ആണ് കൊലപാതകം ആസൂത്രണം ചെയ്തതിനു പിന്നിലെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഒരു കുഞ്ഞിന്റെ അമ്മയായ പ്രഭ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 7 ന് പരമാറ്റ റെയില്‍വേസ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം നടന്നു വരവേയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് സംശയിക്കുന്നുണ്ട്. പ്രഭയെ അടുത്തറിയാവുന്ന ഒരുപക്ഷേ ഇന്ത്യയിലുള്ള ആരെങ്കിലും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.

മൈന്‍ഡ് ട്രീ എന്ന ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്ന പ്രഭ ജോലി കഴിഞ്ഞ് പരമാറ്റയില്‍ ട്രെയിനിറങ്ങി വെസ്റ്റ്‌മെഡിലെ വീട്ടിലേക്കു നടക്കുന്ന വഴിയാണ് കൊല്ലപ്പെട്ടത്. വെസ്റ്റേണ്‍ സിഡ്‌നി സ്റ്റേഷനില്‍ നിന്നു പുറത്തേക്ക് നടക്കുന്ന പ്രഭ മൊബൈലില്‍ ഇന്ത്യയിലുള്ള ഭര്‍ത്താവ് അരുണുമായി സംസാരിക്കുന്ന സിസിടിവിദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ വീടിനു 400 മീറ്റര്‍ അകലെ മങ്ങിയ വെളിച്ചമുള്ള പരമാറ്റ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ കഴുത്തിന് കുത്തേല്‍ക്കുകയായിരുന്നു. ഒരു വര്‍ഷമായി അന്വേഷണ സംഘം ഇരുരാജ്യങ്ങളെയും ഉള്‍പ്പെടുത്തി സങ്കീര്‍ണ്ണമായ അന്വേഷണമാണ് നടത്തിവരുന്നത്. ഓസ്ട്രേലിയയ്ക്കു പുറത്തു നിന്നുള്ള ആരോ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളിയാകുകയോ കൊലപാതകത്തിന് സഹായിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഡിറ്റക്ടീവ് സെര്‍ജന്റ് റിച്ചി സിം വ്യക്തമാക്കുന്നു. പതിനായിരം കിലോമീറ്ററിനപ്പുറത്തു നിന്നും ഒരാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തന്റെ ജീവന്‍ അവസാനിപ്പിച്ച വ്യക്തിയെ കുറിച്ച് പ്രഭയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം ഉറപ്പിക്കുന്നു. കൃത്യത്തിനു ശേഷം കുറ്റവാളി ഓസ്‌ട്രേലിയ വിടാനും വിടാതെ ഇവിടെ തങ്ങുന്നതിനുള്ള സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്. പ്രഭയുടെ അമ്മ, അച്ഛന്‍, ഭര്‍ത്താവ്, മകള്‍ എന്നിവര്‍ കഴിഞ്ഞ നവംബറില്‍ സിഡ്‌നിയിലെത്തിയിരുന്നു. പരാമാറ്റ പാര്‍ക്കില്‍ ഒരു സ്മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അവര്‍ സിഡ്‌നിയിലെത്തിയത്. ഈ സമയത്ത് പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് പ്രഭയുടെ ജീവിതവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടാനുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. സംശയമുള്ളവരില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ തേടും. എല്ലാവരെയും വീണ്ടും വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കും.

അന്വേഷണത്തിന്റെ ഭാഗമായി രണ്ടായിരത്തോളം പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും 250 ഓളം മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരമാറ്റ പാര്‍ക്കിനു സമീപത്തെ നിവാസികളെയെല്ലാം ചോദ്യം ചെയ്യുകയും സംഭവ സ്ഥലം നാലു തവണ വിശദമായി പരിശോധിക്കുകയും ചെയ്തു. എങ്കിലും ഇതുവരെ കൊലപാതകത്തിനുപോയഗിച്ച ആയുധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രഭ ട്രെയിനിറങ്ങി നടന്ന ജൂബിലി ലൈന്‍-ആമോസ് സെന്റ് ഹോമം വഴിയില്‍ സിസിടിവി ഇല്ലാത്തതും വെല്ലുവിളിയാകുന്നു. മാര്‍ച്ച് ഏഴിന് രാത്രി പരമാറ്റ ഗോള്‍ഫ് കോഴ്‌സിനു സമീപം തിരിച്ചറിയാനാകാത്ത രൂപം സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ക്ക് ക്വാളിറ്റി തീരെ കുറവായതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പോലീസ് പറയുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് ആറുമാസത്തോളമായി വെസ്റ്റ് മെഡിലെ വീട്ടില്‍ സുഹൃത്തിനോടൊപ്പമായിരുന്നു പ്രഭയുടെ താമസം. ദിവസവും 14 മണിക്കൂര്‍ ജോലി ചെയ്യുന്ന പ്രഭ എല്ലാ ദിവസവും റോഡ്‌സില്‍ നിന്ന് പരമാറ്റയിലെത്തി നടന്നാണ് വീട്ടിലെത്താറുള്ളതെന്ന് റൂംമേറ്റ് മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇതുവരെ എന്തെങ്കിലും വിധത്തിലുള്ള അപകടത്തെക്കുറിച്ച് പ്രഭ പറഞ്ഞിട്ടില്ല. ഈ യാത്ര പതിവുള്ളതാണ്. പ്രഭയ്ക്ക് കുത്തേറ്റെന്നും ഉടന്‍ പാര്‍ക്കിലെത്തണമെന്നും പ്രഭയുടെ ഭര്‍ത്താവാണ് തന്നെ അറിയിച്ചതെന്നും റൂംമേറ്റ് പറഞ്ഞു. വളരെ ശാന്തയും സത്‌സ്വഭാവിയുമായിരുന്ന പ്രഭയ്ക്ക് കുത്തേറ്റ വിവരം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കൊലപാതക വിവരം അറിഞ്ഞയുടന്‍ ഭര്‍ത്താവ് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ സിഡ്‌നിയിലെത്തിയ ശേഷമാണ് താന്‍ മരണ വിവരം അറിഞ്ഞതെന്നാണ് കുമാര്‍ പോലീസിനോട് പറഞ്ഞിരുന്നത്. ഭാര്യയെ ആരോ ആക്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. താന്‍ പല മ്പറുകളും വിളിച്ചുനോക്കിയെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് തന്റെ സഹോദരിയെ വിവരമറിയിക്കുകയായിരുന്നുവത്രേ. കുമാറിന്റെ കുടുംബം സ്ഥലത്തെത്തിയെന്നും അവര്‍ പ്രഭ ആശുപത്രിയിലാണെന്നും സുഖം പ്രാപിക്കുകയാണെന്നും തന്നോട് പറഞ്ഞു. എന്നാല്‍ സ്ഥലത്തെത്തിയപ്പോഴാണ് പ്രഭ കൊല്ലപ്പെട്ടെന്ന വിവരമറിയുന്നത്. ഭര്‍ത്താവിനെയും മകളെയും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ പ്രഭ ശ്രമം നടത്തിയിരുന്നു. അതിനുവേണ്ടിയാണ് അവര്‍ ഇവിടെ തങ്ങിയിരുന്നതും. മകളെ പ്രഭയ്്ക്ക് ജീവനായിരുന്നുവെന്നും കുമാര്‍ പോലീസിനോട് പറഞ്ഞു.

ലൈംഗികാക്രമോ മോഷണ ശ്രമമോ അല്ല കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. കുമാറിന്റെയും പ്രഭയുടെയും ഇന്ത്യയിലുള്ള ബന്ധുക്കളുമായി പോലീസ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് സെര്‍ജന്റ് സിം പറയുന്നു. എങ്കിലും സംഭവത്തിലുള്‍പ്പെട്ടവരെ കണ്ടെത്താന്‍ എല്ലാ വിധ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലും ഇന്ത്യയിലും സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസുമായി ഉടന്‍ ബന്ധപ്പെടണമെന്നും അന്വേഷണം സംഘം അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: