എല്ലാ ഭീകരരെയും വധിച്ചു;പാംപോറില്‍ സൈനിക നടപടി അവസാനിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പാംപോറില്‍ സൈന്യം രണ്ടു ഭീകരരെക്കൂടി വധിച്ചു. ഇതോടെ മുഴുവന്‍ ഭീകരരെയും കൊലപ്പെടുത്തിയതായും സൈനിക നടപടി അവസാനിച്ചതായും സൈന്യം അറിയിച്ചു. നേരത്തെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി പുല്‍വാമ ജില്ലയിലെ പാംപോറില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ക്യാപ്റ്റന്‍മാരുള്‍പ്പെടെ നാലു സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്‍, ക്യാപ്റ്റന്‍ പവന്‍ കുമാര്‍, ലാന്‍സ്‌നായിക് ഓം പ്രകാശ് എന്നിവരുള്‍പ്പെടെയാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ശനിയാഴ്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തെ ഭീകരര്‍ പാംപോറില്‍ ആക്രമിച്ചു. ഭീകരരുടെ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഇതേ തുടര്‍ന്ന് പാംപോറിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് കെട്ടിടത്തില്‍ ഭീകരര്‍ കടന്നുകയറി. ജീവനക്കാരില്‍ ഒരാളെ ഭീകരര്‍ കൊലപ്പെടുത്തി.

ഇതോടെ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യവും മറ്റു സുരക്ഷാസേനയും ചേര്‍ന്നു വളഞ്ഞു. ഇഡിഐ സമുച്ചയത്തില്‍ ഹോസ്റ്റലും അതിഥിമന്ദിരവും ഉള്‍പ്പെടെ മൂന്നു കെട്ടിടങ്ങളാണുള്ളത്. കെട്ടിടത്തിനുള്ളില്‍ നിന്ന് ജീവനക്കാരെ മുഴുവനും സൈന്യം ഒഴിപ്പിച്ചു. പ്രദേശവാസികളെയും സ്ഥലത്തു നിന്ന് മാറ്റി. ഈ മേഖലയിലൂടെയുള്ള ഗതാഗതവും നിരോധിച്ചു. ഭീകരരെ കീഴ്‌പ്പെടുത്താന്‍ സൈന്യം ഇഡിഐ കെട്ടിടത്തിലേക്ക് കടന്നപ്പോഴാണ് ഭീകരരുടെ വെടിയേറ്റ് രണ്ടു ക്യാപ്റ്റന്‍മാര്‍ കൊല്ലപ്പെട്ടത്. പിന്നീട് രൂക്ഷമായ പ്രത്യാക്രമണമാണ് സൈന്യം നടത്തിയത്. ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. പാക് ലഷ്‌കര്‍ ഇ ത്വയ്ബയാണ് ആക്രമണം നടത്തതിയതെന്നു പറയുന്നു.

ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആയിരത്തോളം ആളുകളായിരുന്നു കുടുങ്ങി കിടന്നിരുന്നത്. തലസ്ഥാനമായ ശ്രീനഗറിന് 16 കിലോമീറ്റര്‍ അകലെയാണ് പാംപോര്‍.

Share this news

Leave a Reply

%d bloggers like this: